Tuesday, May 21, 2024
indiaNewspolitics

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

ലക്നൗ: രണ്ടാം തവണയും ചരിത്രവിജയം നേടിയ ബിജെപി ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.                                               

വൈകീട്ട് നാലുമണിയോടെ ആരംഭിച്ച പ്രൗഡഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ യോഗി സത്യവാചകം ചൊല്ലിക്കൊടുത്തു. 52 അംഗ മന്ത്രിമാരും, രണ്ട് ഉപ മുഖ്യമന്ത്രിമാരും 16 മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും അടങ്ങിയതാണ് മന്ത്രിസഭ. ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. ആര്‍പ്പുവിളികളോടെയാണ് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ തങ്ങളുടെ പ്രിയ നേതാവിന്റെ രണ്ടാം വരവിന് സാക്ഷിയായത്.

ലക്‌നൗവിലെ ഭാരതരത്‌ന അടല്‍ ബിഹാരി വാജ്‌പേയ് ഏകാന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.പ്രധാനമന്ത്രിയ്ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ,ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി. സംസ്ഥാന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കുകൊണ്ടു. ദി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും മറ്റ് അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താരം കങ്കണയും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ പ്രമുഖ വ്യവസായികളായ എന്‍ ചന്ദ്രശേഖരന്‍ (ടാറ്റാ ഗ്രൂപ്പ്), മുകേഷ് അംബാനി (റിലയന്‍സ് ഗ്രൂപ്പ്), കുമാര്‍ മംഗളം ബിര്‍ള (ആദിത്യ ബിര്‍ള ഗ്രൂപ്പ്), ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര ഗ്രൂപ്പ്), ദര്‍ശന്‍ ഹിരാ നന്ദാനി (ഹിരാനന്ദാനി ഗ്രൂപ്പ്), യൂസഫ് അലി (ലുലു ഗ്രൂപ്പ്), സുധീര്‍ മേത്ത (ടോറന്റ് ഗ്രൂപ്പ്), സവ്യവസായികളായ സഞ്ജീവ് ഗോയങ്ക (ഗോയങ്ക ഗ്രൂപ്പ്), അഭിനന്ദ് ലോധ (ലോധ ഗ്രൂപ്പ്) എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയാണ് യുപിയില്‍ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തിയത്. 403 മണ്ഡലങ്ങളില്‍ 255 എണ്ണത്തില്‍ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികള്‍ പതിനെട്ട് സീറ്റും നേടി. സംസ്ഥാനത്ത് കഴിഞ്ഞ 37 വര്‍ഷത്തിനിടെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.