Thursday, May 9, 2024
keralaNews

ഉത്തരേന്ത്യയില്‍ കടുത്ത ചൂട്

ന്യൂഡല്‍ഹി :കടുത്ത ചൂടില്‍ ഉത്തരേന്ത്യ, താപനില 45 കടന്നു. ഡല്‍ഹിയില്‍ ചില സ്ഥലങ്ങളില്‍ താപനില 49 കടന്നു. അടുത്ത ദിവസങ്ങളില്‍ ഈ നിലയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് പ്രവചനം. ഞായറാഴ്ച ന്യൂഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ കടുത്ത ചൂടിനെത്തുടര്‍ന്നാണ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്. സഫ്ദര്‍ജങ്ങില്‍ 45 ഡിഗ്രിക്കു മുകളില്‍ താപനില പോയേക്കുമെന്ന അവസ്ഥ വന്നപ്പോള്‍ പ്രദേശത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 44.2 ഡിഗ്രി സെല്‍ഷ്യസ് ആണ് സഫ്ദര്‍ജങ്ങില്‍ രേഖപ്പെടുത്തിയ താപനില. സാധാരണയുള്ളതിനേക്കാള്‍ അഞ്ച് ഡിഗ്രിയോളം കൂടുതലായിരുന്നു ഇത്.വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുന്‍ഗേഷ്പുറില്‍ 49.2 ഡിഗ്രി സെല്‍ഷ്യസും തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജാഫ്ഗഢില്‍ 49.1 ഡിഗ്രി സെല്‍ഷ്യസുമാണ് ചൂട് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് സഫ്ദര്‍ജങ്ങില്‍ രേഖപ്പെടുത്തിയത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസഥാനങ്ങളിലും കിഴക്കന്‍ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലര്‍ട്ട്. രാജസ്ഥാനില്‍ മഞ്ഞ അലര്‍ട്ടും നിലവിലുണ്ട്. ഇവിടെ ശനിയാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ ഉഷ്ണതരംഗവുമുണ്ടായി.രാജസ്ഥാനില്‍ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 23 നഗരങ്ങളില്‍ 47 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി.