Thursday, May 16, 2024
HealthkeralaNews

ഈ മാസം ഒന്‍പതുവരേ ലോക്ഡൗണില്ല; തീരുമാനം അവസാന മന്ത്രിസഭായോഗത്തില്‍;

ഈ മാസം ഒന്‍പതുവരേ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഒന്‍പതിനുശേഷം അന്നത്തെ സാഹചര്യം നോക്കി ആവശ്യമായതു ചെയ്യാമെന്നും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ തുടരും. യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ് ഭവനിലെത്തി ഗവര്‍ണറെകണ്ട് രാജിക്കത്ത് കൈമാറി. അതേ സമയം പുതിയ സര്‍ക്കാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായി.

അതേ സമയം കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഉടന്‍ ലോക്ഡൗണ്‍ വേണമെന്നായിരുന്നു വിദഗ്ധാഭിപ്രായം. വൈകുന്തോറും സ്ഥിതിഗതികള്‍ കൂടുതല്‍ വെല്ലുവിലികളുയര്‍ത്തുന്നു. നിരവധി ജില്ലകളില്‍ ഓക്‌സിജന്‍ കിടക്കകള്‍പോലും കിട്ടാത്ത അവസ്ഥയുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം 30000 കടന്നിട്ട് ഒരാഴ്ചയിലേക്കടുക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നു. 28.37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 339441 ആയി ഉയര്‍ന്നു കഴിഞ്ഞു. നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്. രണ്ടാം ഡോസ് വാക്‌സിന് മുന്‍ഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നായിരുന്നു മറ്റൊരു ആവശ്യം.