Sunday, May 5, 2024
keralaNews

ഇ-സ്റ്റാംപിങ് രണ്ടിടത്തു മാത്രം; മുദ്രപ്പത്ര ഇടപാട് തുടരാമെന്നു റജിസ്‌ട്രേഷന്‍ വകുപ്പ്

സംസ്ഥാനത്തു പരീക്ഷണാടിസ്ഥാനത്തിലാണ് ഇ-സ്റ്റാംപിങ് സംവിധാനം ഏര്‍പ്പെടുത്തിയതെന്നും നിലവിലുള്ള മുദ്രപ്പത്രത്തിലെ റജിസ്‌ട്രേഷന്‍ ഒരു മാറ്റവുമില്ലാതെ തുടരുമെന്നും റജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 1 മുതല്‍ പൂര്‍ണമായി ഇ-സ്റ്റാംപിങ്ങിലേക്കു മാറുന്നുവെന്ന നികുതി വകുപ്പിന്റെ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. മുന്‍പ് ഒരു ലക്ഷത്തിലേറെയുള്ള ഇടപാടുകള്‍ക്ക് ഇ-സ്റ്റാംപിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ ഇത് എല്ലാ തുകയ്ക്കുള്ള ഇടപാടുകള്‍ക്കും ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു ഉത്തരവ്.

ഇതോടെ മുദ്രപ്പത്രങ്ങള്‍ വാങ്ങി സൂക്ഷിച്ചിരുന്ന വെണ്ടര്‍മാരും സബ് റജിസ്ട്രാര്‍മാരും ആശയക്കുഴപ്പത്തിലായി. തുടര്‍ന്നായിരുന്നു റജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഇന്നലത്തെ വിശദീകരണം. കഴക്കൂട്ടം, കൊട്ടാരക്കര പ്രിന്‍സിപ്പല്‍ സബ് റജിസ്‌ട്രേഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇ-സ്റ്റാംപിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവിടെ മുദ്രപ്പത്ര ഇടപാടും അനുവദിക്കും. മറ്റിടങ്ങളില്‍ മുദ്രപ്പത്ര ഇടപാടു തന്നെ തുടരും. നികുതി വകുപ്പിന്റെ ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിച്ചതിനാല്‍ വിശദീകരണ സര്‍ക്കുലര്‍ ഇന്നു റജിസ്‌ട്രേഷന്‍ വകുപ്പ് പുറത്തിറക്കും.