Saturday, April 20, 2024
keralaNews

ഭര്‍ത്താവിനെ സാരി കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി : ഭാര്യ അറസ്റ്റില്‍

മലപ്പുറം വേങ്ങരയില്‍ താമസക്കാരനായ ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി പൂനം ദേവിയാണ് ഭര്‍ത്താവ് സഞ്ജിത് പസ്വാനെ കൊലപ്പെടുത്തിയത്.ജനുവരി 31 നാണ് വേങ്ങരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ച് പൂനം ദേവി സഞ്ജിത് പസ്വാനെ സാരി കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.ക്വാര്‍ട്ടേഴ്സിലെ തൊട്ടടുത്ത താമസാക്കാരോട് അസുഖബാധിതനായി അബോധാവസ്ഥയിലായെന്നറിയിച്ച് പൂനം ദേവി തന്നെ സന്‍ജിതിനെ ആശുപത്രിയിലെത്തിച്ചു. മരണം സ്ഥിരീകരിച്ച ശേഷം നടത്തിയ പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തലയിലും നെറ്റിയിലും പൊട്ടല്‍ കണ്ടെത്തി. കഴുത്തിലെ എല്ലിന് പൊട്ടലുണ്ടായതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിലും കണ്ടെത്തി. തുടര്‍ന്ന് ഭാര്യ പൂനം ദേവിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വിവരം പുറത്തറഞ്ഞത്.പൂനം ദേവിയും ബീഹാറിലെ യുവാവും തമ്മിലുള്ള അടുപ്പം സന്‍ജിത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് ഭാര്യയെയും അഞ്ച് വയസ്സുള്ള കുഞ്ഞിനെയും സന്‍ജിത് വേങ്ങരയിലെത്തിക്കുന്നത്. കേരളത്തിലെത്തിയിട്ടും ഈ യുവാവുമായി പൂനം ദേവി ബന്ധം തുടര്‍ന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം നടത്തിയത്. രാത്രി ഉറങ്ങുന്ന സമയം പൂനം ദേവി ഭര്‍ത്താവിന്റ കൈ കൂട്ടിക്കെട്ടി. ഉടുത്ത സാരി കൊണ്ട് സന്‍ജിതിന്റെ കഴുത്തില്‍ കുരുക്കിട്ട് കട്ടിലില്‍ നിന്ന് താഴേക്ക് തട്ടി ഇട്ടാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.