Saturday, April 27, 2024
keralaNewsObituary

ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പോലീസ് വീണ്ടും പരിശോധന നടത്തും

പത്തനംതിട്ട: നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പോലീസ് വീണ്ടും പരിശോധന നടത്തും.
ആഭിചാര കൊലയ്ക്ക് കൂടുതല്‍ സ്ത്രീകളെ ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ശനിയാഴ്ച പോലീസ് ഭഗവല്‍സിംഗിന്റെ വീട് കുഴിച്ച് പരിശോധിക്കും.ആഭിചാര കൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന സംശയം പോലീസിനുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് പുരയിടം കുഴിച്ച് പരിശോധിക്കുന്നത്. ആഭിചാര കൊലയ്ക്ക് ഇരയാക്കിയവരെ വീടിന്റെ പരിസരത്ത് തന്നെയാണ് ഇവര്‍ കുഴിച്ചിട്ടിരിക്കുന്നത്. പത്മയും റോസ്ലിയും കൊല്ലപ്പെട്ടതിന് മുന്‍പോ ശേഷമോ മറ്റാരെയെങ്കിലും ഇവര്‍ ആഭിചാര കൊലയ്ക്ക് ഇരയാക്കിയോ എന്ന് കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ മൃതദേഹാവശിഷ്ടങ്ങള്‍ വീടിന് സമീപത്തു നിന്നും കണ്ടെത്താന്‍ സാധിക്കും. മൃതദേഹാവശിഷ്ടങ്ങള്‍ മണത്ത് കണ്ടു പിടിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ച് മൂന്ന് പ്രതികളുടെയും സാന്നിദ്ധ്യത്തിലായിരിക്കും പോലീസ് കുഴിച്ച് പരിശോധന നടത്തുക. ജെസിബി ഉപയോഗിച്ചായിരിക്കും കുഴിക്കുക. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ കോടതി വിശദമായ അന്വേഷണത്തിനായി 12 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. റോസ് ലി, പത്മ എന്നിവരെയാണ് ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ വച്ച് മൂവരും കൂടി നരബലി നടത്തിയത് .