Monday, May 13, 2024
keralaNewsObituary

ഇരട്ടകൊലപാതക കേസിലെ പ്രതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: 2011 ലെ ഇരട്ടകൊലപാതക കേസിലെ പ്രതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.ദീപക് ലാല്‍,അരുണ്‍ ജി.രാജീവ് എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി മദ്യപാനത്തിനിടെയാണ് പ്രതികളിരുവരും വഴയില സ്വദേശി മണിച്ചനെയും തിരുമല സ്വദേശി ഹരികുമാറിനെയും വെട്ടിയത്.

തലസ്ഥാനത്ത് 2011 ലെ വഴയില ഇരട്ടകൊലപാത കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മണിച്ചന്‍. ഹരികുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറാംകല്ലിലെ ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നത്.

നാലുപേരും ചേര്‍ന്ന് ലോഡ്ജില്‍ വെച്ചു മദ്യപിച്ചശേഷം ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്.രണ്ടുപേര്‍ക്കും വാളുകൊണ്ടാണ് വെട്ടേറ്റത്.

മരണമടഞ്ഞ മണിച്ചന്റെ തലയ്ക്ക് ഗുരുതരമായ പരിക്ക് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കൃത്യം നടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ കയറിപ്പോയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് പ്രതികളിലേക്കെത്താന്‍ നിര്‍ണായകമായത്.വട്ടിയൂര്‍ക്കാവില്‍വെച്ചാണ് പ്രതികളെ പിടികൂടിയത്.