Friday, May 17, 2024
keralaNews

ഇന്ന് അത്തം : ഓണത്തിരക്കിലേക്ക് മലയാളി

സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരില്‍ നടക്കുന്ന ഘോഷയാത്ര നടന്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക.                                                                                                              തൃപ്പൂണിത്തുറ സ്‌കൂള്‍ മൈതാനത്താണ് പതാക ഉയര്‍ത്തുക. ഒന്‍പതാം നാളായ ഉത്രാട ദിനത്തില്‍ തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് ആരംഭിച്ചതാണ് ഈ പതിവ്. എന്നാല്‍ സ്വാതന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സര്‍ക്കാര്‍ ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ഈ ആഘോഷങ്ങള്‍ വീണ്ടും പുനരാരംഭിച്ചു. 1985 മുതല്‍ ഇത് തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു. തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ നിന്ന് കൊണ്ടുവരുന്ന പതാക ഉയര്‍ത്തുന്നയോടെയാണ് അത്തച്ചമയത്തിന് തുടക്കം കുറിക്കുക.                                                                                                      പതാക തൃക്കാക്കരയ്ക്ക് കൈമാറി എത്തുന്നതോടെ ഓണാഘോഷങ്ങള്‍ വിപുലമാകും.അത്തം മുതല്‍ വിശേഷമായി പൂക്കളമൊരിക്കിയാണ് സമ്പല്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പത്ത് ദിനം ഓണത്തെ വരവേല്‍ക്കുക. ഒന്നാം ഓണമായ അത്തത്തിന് ഒരു പൂവ് ഉപയോഗിച്ചും തുടര്‍ന്ന് ഓരോ ദിവസവും ഒന്നുവീതം കൂട്ടി പത്താം നാള്‍ പത്തിനം പൂക്കള്‍ കൊണ്ട് ഒരുക്കുന്ന പൂക്കളമാണ് മിക്കയിടങ്ങളിലും. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. അത്തം, ചിത്തിര, ചോതി നാളുകളില്‍ ചാണകം മൊഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. ഈ നാളുകള്‍ക്ക് ശേഷം വിവിധ തരം പൂക്കള്‍ ഉപയോഗിച്ചാകും പൂക്കളമൊരുക്കുന്നത്.                                                                                                                                     മൂലം നാളില്‍ പൂക്കളം ചതുരാകൃതിയിലും ഉത്രാടം നാളില്‍ വലിയ പൂക്കളവുമാകണം ഒരുക്കേണ്ടത്. അത്തം, ചിത്തിര നാളില്‍ തുമ്പപ്പൂവും തുളസിയും മാത്രമാണ് ഉപയോഗിക്കുക. മൂന്നാം ദിനം മുതലാണ് നിറങ്ങളുള്ള പൂക്കള്‍ ഉപയോഗിക്കുന്നത്. തുടര്‍ന്ന് അഞ്ചാം നാള്‍ പൂക്കളത്തിന്റെ മുന്നിലായി കുടകുത്തുന്നു. ഈര്‍ക്കിലിയില്‍ ചെമ്പരത്തിയും മറ്റും പൂക്കളും കോര്‍ക്കുന്നതിനെയാണ് കുട വെക്കുക എന്ന് പറയുന്നത്. ആറാം ദിനം മുതലാണ് പൂക്കളത്തിന്റെ വലുപ്പം കൂട്ടുക. എല്ലാ ദിവസവും തുളസി പൂ പൂക്കളത്തില്‍ ഉപയോഗിക്കാവുന്നതാണ്.പത്താം ദിനമായ തിരുവോണ നാളില്‍ പൂക്കളം തയ്യാറാക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പൂക്കളത്തില്‍ പലകയിട്ട് അരിമാവ് പൂശി അതിന്റെ പുറത്ത് നാക്കിലയിട്ട് അരിമാവ് പൂശുന്നു.                                                                                    മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പന്റെ വിഗ്രഹങ്ങള്‍ നിര്‍മിച്ച് ഇലയില്‍ പ്രതിഷ്ഠിക്കുകയാണ് തിരുവോണദിനത്തില്‍. വിഗ്രഹങ്ങള്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും പാലട, പഴം, ശര്‍ക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ ചതയം വരെ പൂജ നടത്തുന്ന പതിവുമുണ്ട്. ഓണം കാണാന്‍ എത്തുന്ന തൃക്കാക്കരയപ്പനെ ആര്‍പ്പുവിളിച്ചും സ്വീകരിക്കും. പിന്നീട് ഉതൃട്ടാതി നാളില്‍പ്രതിഷ്ഠ ഇളക്കിമാറ്റുകയാണ് പതിവ്. പണ്ടുകാലത്ത് കര്‍ക്കടകമാസത്തിലെ തിരുവോണം നാള്‍ മുതല്‍ ചിങ്ങമാസത്തിലെ തിരുവോണം വരെയായിരുന്നു ഓണം ആഘോഷിച്ചു വന്നത്. ഈ 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിര്‍മ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍ നടത്തിയിരുന്നത്.                                  പില്‍ക്കാലത്ത് ആചാരങ്ങള്‍ അതേപ്പടി തുടര്‍ന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാന്‍ തുടങ്ങിയതെന്നാണ് ചരിത്രം.