Tuesday, May 14, 2024
indiakeralaNews

ഇന്ത്യന്‍ പ്രധാനമന്ത്രി റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടും.

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ വിറങ്ങലിപ്പിച്ച് നില്‍ക്കുന്ന റഷ്യ – യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടും. ഇന്ന് തന്നെ നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടത് എന്നതാണ് ഇപ്പോഴത്തെ വിവരം.അതിനിടെ ഹംഗറി വഴി രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനാണ് ഇന്ത്യയുടെ ശ്രമം. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഹംഗറി വഴി തിരിച്ച് ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഇതിനായുള്ള നടപടികള്‍ തുടങ്ങിയെന്ന് ഹംഗറിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഹംഗറി അതിര്‍ത്തിയായ സോഹന്യയിലേക്ക് ഇന്ത്യന്‍ എംബസി അധികൃതര്‍ എത്തും.

നോര്‍ക്കയില്‍ ബന്ധപ്പെട്ടത് 468 വിദ്യാര്‍ഥികള്‍

യുക്രൈനില്‍ നിന്ന് നോര്‍ക്ക റൂട്ട്സുമായി ഇന്ന് ബന്ധപ്പെട്ടത് 468 മലയാളി വിദ്യാര്‍ഥികള്‍. ഒഡീസ നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാണ് ഏറ്റവും കൂടുതല്‍. 200 പേര്‍ ഇവിടെ നിന്നും ബന്ധപ്പെട്ടിട്ടുണ്ട്. ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റി- 44, ബൊഗോമോളറ്റസ് നാഷണല്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റി-18, സൈപൊറൊസയ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റി -11, സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്സിറ്റി-10 എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള യൂനിവേഴ്സിറ്റികളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം. ആകെ 20ഓളം സര്‍വകലാശാലകളില്‍ നിന്നും വിദ്യാര്‍ഥികളുടെ സഹായാഭ്യര്‍ഥന ലഭിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. എംബസിയുമായും വിദേശകാര്യമന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിമാനങ്ങള്‍ മുടങ്ങിയതു മൂലം വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് താമസസൗകര്യം ഒരുക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഉക്രൈനിലെ മലയാളി പ്രവാസി സംഘടനകളുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുന്നതായി നോര്‍ക്ക റൂട്ട്സ് സിഇഒ അറിയിച്ചു.