Thursday, May 16, 2024
indiaNewsSports

ഇന്ത്യക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം

ചെന്നൈ: അവിശ്വസനീയം 3-1ന് പിന്നിട്ട് നിന്ന ശേഷം മൂന്ന് ഗോളടിച്ച് രാജകീയമായി കിരീടത്തിലേക്ക്.. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം നാലാം കിരീടം ചൂടി. ചെന്നൈയില്‍ നടന്ന ഫൈനലില്‍ മലേഷ്യയെ 4-3 തോല്‍പിച്ചാണ് ഇന്ത്യന്‍ ടീമിന്റെ കിരീടധാരണം. ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ മലേഷ്യ ഇന്ത്യക്ക് കനത്ത ഭീഷണിയായപ്പോള്‍ മൂന്നാം ക്വാര്‍ട്ടറിലെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഇന്ത്യന്‍ തിരിച്ചുവരവ്.                                                                   സെമിയില്‍ ഇന്ത്യ കരുത്തരായ ജപ്പാനെ 4-0ന് തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ദക്ഷിണ കൊറിയയെ 6-2 മറികടന്നാണ് ടീമിന്റെ ആദ്യ കലാശപ്പോരിന് മലേഷ്യ ഇറങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ മലേഷ്യയെ 5-0ന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്ക് ഫൈനലിന്റെ ആദ്യ മിനുറ്റുകളില്‍ തുണയായില്ല. കലാശപ്പോരിലെ ആദ്യ ക്വാര്‍ട്ടറിന്റെ ഒന്‍പതാം മിനുറ്റില്‍ ജുഗ്രാജ് സിംഗ് ഇന്ത്യക്ക് ലീഡ് നല്‍കിയിരുന്നു. എന്നാല്‍ 14-ാം മിനുറ്റില്‍ അബു കമാല്‍ അസ്‌റായ് മലേഷ്യയെ ഒപ്പമെത്തിച്ചതോടെ(11) കളി വഴിതിരിഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ പിഴവ് മുതലാക്കിയായിരുന്നു അസ്‌റായുടെ ഗോള്‍. 15-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കാനാവാതെ വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി മൂന്ന് മിനുറ്റ് ആയപ്പോഴേക്ക് മലേഷ്യ ലീഡ്(21) പിടിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് റാസീ റഹീമാണ് ലക്ഷ്യം കണ്ടത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കും മുമ്പ് 28-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അമിനുദ്ദീന്‍ മുഹമ്മദ് ഗോളാക്കിയതോടെ മലേഷ്യ 3-1ന് മുന്നിലെത്തി.