Thursday, May 16, 2024
keralaNews

ഇടുക്കി അണക്കെട്ട് കാണാന്‍ അച്ഛനോടൊപ്പം ആറ് വയസുകാരന്‍ തക്കുടുവെത്തി ഒരിക്കല്‍ കൂടി

ഇടുക്കി അണക്കെട്ട് കാണാന്‍ അച്ഛനോടൊപ്പം ആറ് വയസുകാരന്‍ തക്കുടുവെത്തി ഒരിക്കല്‍ കൂടി. തക്കുടു എന്നുവിളിക്കുന്ന സൂരജിനെ ഓര്‍മയില്ലേ. ഇടുക്കി ഡാം തുറന്നതിന്റെ രണ്ടാം ദിവസം ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ പനി പിടിച്ച കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഓടുന്ന ദൃശ്യം പ്രളയാതിജീവനത്തിന്റെ ഓര്‍മച്ചിത്രമായിരുന്നു. അതേ കുട്ടിയാണ് ഇന്ന് അച്ഛനൊപ്പം ഡാം തുറക്കുന്നത് കാണാനെത്തിയത്. ഇത്തവണ രണ്ടു ദിവസം മുന്‍പ് തന്നെ സൂരജ് അച്ഛനോട് ഡാം തുറക്കുന്നത് കാണാന്‍ പോകണെമന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. അതുകൊണ്ടാണ് പനിയായിട്ടും മകനെ കൂടെ കൂട്ടിയത്. ചെറുതോണി പാലത്തിന് മുകളില്‍ നില്‍ക്കെ ആ അച്ഛന്‍ മകനോട് 2018 ആഗസ്റ്റിലെ ആ ദിവസം പറഞ്ഞുകൊടുത്തു. ചെറുതോണി ഇടുക്കി കോളനിയില്‍ കാരക്കാട്ട് പുത്തന്‍വീട്ടില്‍ വിജയരാജിന്റെയും മഞ്ജുവിന്റെയും മകനാണ് സൂരജ്. ഡാം തുറക്കുന്നത് കണ്ടശേഷം ആഗസ്റ്റ് 10ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുള്ള മകനെയായിരുന്നു.

അതിശക്തമായ മഴ വകവയ്ക്കാതെ അവനെയുമെടുത്ത് വീട്ടില്‍ നിന്നിറങ്ങി. പാലത്തിനടുത്ത് എത്തിയപ്പോള്‍ അക്കരെ വിടാന്‍ നിര്‍വാഹമില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാല്‍ കുഞ്ഞിന് പനി കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ മറുകരയിലുള്ള സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വിവരം അറിയിച്ചു. ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്ന് ആട്ടോറിക്ഷയില്‍ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്ന കാഴ്ചയാണ്. കൈയില്‍ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സമയം സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് കൈയില്‍ വച്ചോളൂ എന്നുപറഞ്ഞു തന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോഴും വിജയരാജിന്റെ മനസിലുണ്ട്. ഇടുക്കിയിലെ പ്രളയതീവ്രത ലോകത്തെ അറിയിച്ചതില്‍ താന്‍ വഹിച്ച പങ്കിനെ കുറിച്ചൊന്നും ഇന്ന് അവനറിയില്ലെങ്കിലും അണക്കെട്ട് തുറക്കുന്നത് കാണാന്‍ പറ്റിയ സന്തോഷമാണ് അവന്. മഞ്ജിമ എന്നൊരു സഹോദരി കൂടിയുണ്ട് ഇന്ന് സൂരജിന്.