Thursday, May 16, 2024
keralaNews

ഇടിമിന്നലില്‍ തകര്‍ന്നു വീണ വീട്ടില്‍ നിന്ന് അഞ്ചു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടിമിന്നലില്‍ തകര്‍ന്നു വീണ വീട്ടില്‍ നിന്ന് അഞ്ചു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വേങ്ങപ്പൊറ്റ ശ്രീനാരായണപുരം രജിതാലയത്തില്‍ രവീന്ദ്രന്റെ (66) വീടാണു ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഭാഗികമായി പൊളിഞ്ഞു വീണത്. രവീന്ദ്രനും ഭാര്യ അനിതകുമാരിയും ആണ് ഈ വീട്ടില്‍ താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അയല്‍വീട്ടിലെ 3 പേര്‍ കൂടി വീടിനുള്ളിലുണ്ടായിരുന്നു. മഴ പെയ്തു ഏതാണ്ടു തോരാറായപ്പോഴാണ് സംഭവം. ശക്തിയായി ഇടിമിന്നലുണ്ടാവുകയും വീടിന്റെ മേല്‍ക്കൂര ഒച്ചയോടെ നിലംപൊത്തുകയുമായിരുന്നു. ഇതിനിടെ ചുമരുകളും പൊളിഞ്ഞു വീണു. രവീന്ദ്രനും മറ്റുള്ളവരും നിന്നിരുന്ന മുറി മാത്രമാണ് അവശേഷിച്ചത്. മേല്‍ക്കൂരയും ചുമരും വീണ് വീട്ടിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍ നശിച്ചു.വീട് 90 ശതമാനവും പൊളിഞ്ഞതായി ജനപ്രതിനിധികളും ചൂണ്ടിക്കാട്ടി. മൂന്നര സെന്റ് ഭൂമിയിലായിരുന്നു ഓട് മേഞ്ഞ വീട്. വയോധികനായ ഗൃഹനാഥന്‍ ജോലിക്കു പോകാറില്ല. ഭാര്യ തൊഴിലുറപ്പു ജോലികള്‍ ചെയ്യുന്നു. കേറിക്കിടക്കാന്‍ ഇടമില്ലാതെ വിഷമിക്കുന്ന ഈ കുടുംബം സമീപത്തെ ഒരു വീട്ടിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്കു സര്‍ക്കാര്‍ പുതിയതു നിര്‍മിച്ചു നല്‍കാറുണ്ട്. അതിനു വേണ്ടി ആരെ സമീപിക്കണമെന്ന് രവീന്ദ്രനറിയില്ല. സഹായിക്കേണ്ടവര്‍ ഇതുവരെ അന്വേഷിച്ചെത്തിയിട്ടുമില്ല. ജീവിത സായാഹ്നത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അക്ഷരാര്‍ഥത്തില്‍ വിഷമിച്ചിരിക്കുകയാണു രവീന്ദ്രനും ഭാര്യയും.