Friday, May 3, 2024
keralaNews

ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസി സമര്‍പ്പിച്ച രൂപരേഖയില്‍ ഐഎസ്ആര്‍ഒയും കോസ്റ്റ് ഗാര്‍ഡും

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസി സര്‍ക്കാരിനു സമര്‍പ്പിച്ച പദ്ധതി രൂപരേഖയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐഎസ്ആര്‍ഒയും കോസ്റ്റ് ഗാര്‍ഡും കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും (കെഎസ്‌ഐഎന്‍സി). 2019 ഓഗസ്റ്റ് 3നു ഫിഷറീസ് വകുപ്പിനു സമര്‍പ്പിച്ച ഈ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് 2020 ജനുവരിയില്‍ നടന്ന അസെന്‍ഡ് നിക്ഷേപകസംഗമത്തിലേക്ക് പദ്ധതി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതും ഫെബ്രുവരിയില്‍ ധാരണാപത്രം ഒപ്പിട്ടതും. ഈ ധാരണാപത്രവും രൂപരേഖയുമാണ് കെഎസ്‌ഐഎന്‍സിയുമായുള്ള ട്രോളര്‍ നിര്‍മാണത്തിന് വഴിയൊരുക്കിയത്സംസ്ഥാന തുറമുഖ വകുപ്പ്, കേന്ദ്ര ഷിപ്പിങ് റജിസ്ട്രാര്‍, കോസ്റ്റ് ഗാര്‍ഡ്, എയര്‍ ആംബുലന്‍സുമായി ബന്ധപ്പെട്ട വകുപ്പുകള്‍, കേന്ദ്ര ഷിപ്പിങ് കോര്‍പറേഷന്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ്, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍, റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ്, മത്സ്യഫെഡ്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിങ് എന്നീ സ്ഥാപനങ്ങളുമായുള്ള സഹകരണവും സര്‍ക്കാരിനു സമര്‍പ്പിച്ച രൂപരേഖയിലുണ്ട്. ഐഎസ്ആര്‍ഒ, കോസ്റ്റ് ഗാര്‍ഡ് പോലുള്ള സ്ഥാപനങ്ങളുമായി ഒരു തരത്തിലുള്ള ചര്‍ച്ചകളും ഇഎംസിസി നടത്തിയിട്ടില്ലെന്നാണു വിവരം.രൂപരേഖയുടെ അടിസ്ഥാനത്തില്‍ അസെന്‍ഡില്‍ ആദ്യ ധാരണാപത്രം ഒപ്പിട്ടപ്പോഴൊന്നും ഈ സ്ഥാപനങ്ങളുമായുള്ള സഹകരണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിച്ചിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. അസെന്‍ഡിലെ ധാരണാപത്രവും ഒപ്പം സര്‍ക്കാരിനു നല്‍കിയ ഈ രൂപരേഖയും ഉപയോഗിച്ചാണ് ഇഎംസിസി കെഎസ്‌ഐഎന്‍സിയുമായി ധാരണയുണ്ടാക്കിയത്.