Wednesday, May 15, 2024
keralaNews

എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദം; എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചു.

കോട്ടയം :എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. അറസ്റ്റിലായ അസിസ്റ്റന്റ് സി.ജെ.എല്‍സി മറ്റു രണ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്ക്ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയതിന്റെ സൂചനകളും ലഭിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. ജാഗ്രതക്കുറവ് കാട്ടിയ സെക്ഷന്‍ ഓഫിസര്‍ക്കെതിരെയും നടപടി വേണമെന്നും ഉപസമിതിയിടെ റിപ്പോര്‍ട്ട്.സര്‍ട്ടിഫിക്കറ്റിനും മാര്‍ക്ക് ലിസ്റ്റിനും ഒന്നരലക്ഷം കൈക്കൂലി വാങ്ങിയത് എല്‍സി മാത്രമാണെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍.   പരാതിക്കാരിയുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. എന്നാല്‍ മറ്റു ചില വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ തിരിമറികള്‍ നടന്നതായി കണ്ടെത്തി. സോഫ്റ്റ്വെയറിലേക്ക് മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. എല്‍സിയുടെ യൂസര്‍ നെയിമില്‍നിന്നാണ് ഇതു നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയെങ്കിലും വ്യക്തത വരുത്താന്‍ എല്‍സിയുടെ മൊഴിയെടുക്കണം.
വിജിലന്‍സ് അറസ്റ്റ് ചെയ്ത എല്‍സി ജയിലിലാണ്. സെക്ഷനിലെ മറ്റു ജീവനക്കാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് പരാതിക്കാരിമൊഴി നല്‍കി. പണം കൈപ്പറ്റിയില്ലെങ്കിലും സെക്ഷന്‍ ഓഫിസറുടെ ഭാഗത്ത് ഗുരുതര പിഴവുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സര്‍വകലാശാലയുടെ വിവിധ മൂല്യനിര്‍ണയ ക്യാംപിന്റെ ചുമതല സെക്ഷന്‍ ഓഫിസര്‍ക്കാണ്. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് സെക്ഷന്‍ ഓഫിസര്‍ എംബിഎ വിഭാഗത്തില്‍ എത്തിയിരുന്നത്. ഈ ശ്രദ്ധക്കുറവും ക്രമക്കേടിന് അവസരമൊരുക്കിയതായി സമിതി കണ്ടെത്തി. ഇരുവര്‍ക്കുമെതിരായ തുടര്‍ നടപടികള്‍ സിന്‍ഡിക്കേറ്റില്‍ തീരുമാനിക്കും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മൂല്യനിര്‍ണയ രീതികളില്‍ മാറ്റം വരുത്താന്‍ സമിതി ശുപാര്‍ശ ചെയ്തു.