Tuesday, May 7, 2024
keralaNewspolitics

ആര്‍. നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ മൂന്നു പേര്‍ ചേര്‍ന്ന് ഉപജാപം നടത്തിയെന്ന് മുന്‍ എംപി എം.ബി. രാജേഷ്.

തിരുവനന്തപുരം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം അസി. പ്രഫസറായി തന്റെ ഭാര്യ ആര്‍. നിനിതയുടെ നിയമനം അട്ടിമറിക്കാന്‍ മൂന്നു പേര്‍ ചേര്‍ന്ന് ഉപജാപം നടത്തിയെന്ന് മുന്‍ എംപി എം.ബി. രാജേഷ്. ജോലിക്കു ചേര്‍ന്നാല്‍ നിയമനത്തില്‍ ക്രമക്കേട് ആരോപിക്കുമെന്ന് നിനിതയെ ഭീഷണിപ്പെടുത്തിയെന്ന് എം.ബി. രാജേഷ് പറഞ്ഞു.
പിന്‍മാറിയില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. സമ്മര്‍ദത്തിനും ഭീഷണിക്കും വഴങ്ങില്ല എന്ന് തീരുമാനിച്ചപ്പോള്‍ വിവാദമാക്കി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആള്‍ക്കുവേണ്ടിയായിരുന്നു ഈ നീക്കം. രാഷ്ട്രീയമല്ല, വ്യക്തിതാല്‍പര്യമാണ് പ്രശ്‌നമെന്നും എം.ബി. രാജേഷ് പറഞ്ഞു.
റാങ്ക് പട്ടികയില്‍ അട്ടിമറി നടന്നെന്നു കാട്ടി ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്പര്‍ട്ടുമാരൈായ ഡോ. ഉമര്‍ തറമേല്‍, ഡോ. ടി. പവിത്രന്‍, ഡോ. കെ.എം. ഭരതന്‍ എന്നിവര്‍ വിസിക്ക് ഇമെയില്‍ അയച്ചിരുന്നു. നിനിതയ്ക്കു കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം ലഭിച്ചത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്നു വ്യക്തമാക്കുന്ന ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്പര്‍ട്ടുമാരുടെ കത്ത് ഇന്ന് പുറത്തുവന്നിരുന്നു. മലയാളം അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാന്‍ വേണ്ട അക്കാദമിക് യോഗ്യതകള്‍ നിനിതയ്ക്കു ഇല്ലെന്നു വിദഗ്ധ സമിതി അംഗങ്ങള്‍ കത്തില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന യോഗ്യതകളുള്ള രണ്ടോ അതിലധികമോ പേരെ മറികടന്നാണ് ഇവര്‍ ജോലി കരസ്ഥമാക്കിയതെന്നും കത്ത് പറയുന്നു.