Friday, April 26, 2024
keralaNews

ആഭിചാരവും മന്ത്രവാദവും തടയാന്‍ നിയമ നിര്‍മ്മാണം; ഇന്ന് പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കും

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആഭിചാരവും മന്ത്രവാദവും തടയാന്‍ നിയമ നിര്‍മ്മാണം വേണമെന്ന്
ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേരള യുക്തിവാദി സംഘം നല്‍കിയ ഹര്‍ജിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങള്‍ കേരളത്തില്‍ ഇതിന് മുന്‍പും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇത്തരം അനാചാരങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അനാചാരങ്ങള്‍ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.