Saturday, May 11, 2024
keralaNews

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് നിയമസഭാ ചോദ്യത്തിനു രേഖാമൂലം മുഖ്യമന്ത്രി മറുപടി നല്‍കി. ദുബായ് യാത്രയില്‍ എടുക്കാന്‍ മറന്ന ബാഗേജ്, പിന്നീട് യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം എത്തിച്ചു നല്‍കിയിരുന്നോ എന്നായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചോദ്യം. ഇതിനാണ് ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.2016ലെ ദുബായ് യാത്രയില്‍ മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനാണ് അത് എത്തിച്ചു നല്‍കിയതെന്നും സ്‌കാനിങ്ങില്‍ അതിലുള്ളതു കറന്‍സിയാണെന്നു മനസ്സിലായെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനവേളയില്‍ ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം കറന്‍സി കടത്തിയതായി സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്ത് മുന്‍പു മൊഴി നല്‍കിയിരുന്നു. അതാണ് സ്വപ്ന ആവര്‍ത്തിച്ചത്.