Tuesday, May 7, 2024
indiaNews

അഹമ്മദാബാദ് സ്‌ഫോടനത്തില്‍ 38 പേര്‍ക്ക് വധശിക്ഷ;11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു.

അഹമ്മദാബാദ് ഗുജറാത്തില്‍ 2008ല്‍ സ്‌ഫോടനപരമ്പരകളില്‍ 56 പേര്‍ കൊല്ലപ്പെട്ട കേസില്‍ 38 പേര്‍ക്കു വധശിക്ഷ. 11 പേര്‍ക്കു മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരായ 78 പേരായിരുന്നു പ്രതികള്‍. 28 പേരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആര്‍.പട്ടേല്‍ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയവരില്‍ 3 പേര്‍ മലയാളികളാണെന്നും സൂചനയുണ്ട്.
49 പേര്‍ക്കാണ് ഇന്നു ശിക്ഷ വിധിച്ചത്. യുഎപിഎ അനുസരിച്ച് ഭീകരപ്രവര്‍ത്തനത്തിന്റെ വകുപ്പുകളും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് 49 പ്രതികള്‍ക്കുമെതിരെ ചുമത്തിയത്. 2009 ഡിസംബറില്‍ തുടങ്ങിയ വിചാരണ കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. 1163 സാക്ഷികളെ വിസ്തരിച്ചു.2008 ജൂലൈ 26 നു വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദില്‍ 21 ഇടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. 246 പേര്‍ക്കു പരുക്കേറ്റു. സൂറത്ത് അടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍നിന്ന് പിന്നീട് 29 സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരം ചെയ്യാനാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്‌ഫോടനങ്ങള്‍. പരുക്കേറ്റവരെ എത്തിച്ച എല്‍ജി, വിഎസ്, സിവില്‍ ആശുപത്രികളിലും സ്ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്‌ഫോടനം.