യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു
മലപ്പുറം: മലപ്പുറം വെന്നിയൂരില്‍ ഓടുന്ന ബസില്‍ യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിന് ശേഷം യുവാവ് സ്വയം കഴുത്തറുത്തു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൂഡല്ലൂര്‍ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനില്‍ കുത്തിയത്. ആക്രമണത്തിന് ശേഷം സ്വയം കഴുത്തറുത്ത യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11.15- ഓടെയായിരുന്നു സംഭവം. അങ്കമാലിയില്‍ നിന്നും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ കയറിയ ഗൂഡല്ലൂര്‍ സ്വദേശി സീതയെ എടപ്പാളില്‍ നിന്നും ബസില്‍ കയറിയ വയനാട് മൂലങ്കാവ് സ്വദേശി സനില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം സനില്‍ കത്തി ഉപയോഗിച്ച് സ്വയം കഴുത്തറക്കുകയായിരുന്നു. ഇവരെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഉടന്‍ തന്നെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. നെഞ്ചില്‍ കുത്തേറ്റ യുവതിയുടെ നില സാരമല്ലെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.യുവതി ആലുവയിലും – യുവാവ് കോട്ടയത്തുമാണ് ജോലി ചെയ്യുന്നത്. ഇരുവരും രണ്ടു വര്‍ഷത്തോളമായി പരിചയക്കാരാണെന്ന് പോലീസ് അറിയിച്ചു. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാളില്‍ വെച്ച് ബസില്‍ കയറിയത്.ആക്രമണത്തിന് മുന്‍പ് ബസിന്റെ മദ്ധ്യഭാഗത്തെ സീറ്റില്‍ ഇരുവരും ഒരുമിച്ചാണ് ഇരുന്നിരുന്നത്. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി ബസ് ജീവനക്കാര്‍ പറഞ്ഞു.കോട്ടയ്ക്കലില്‍ വെച്ച് ഇവരെ പിറകിലെ സീറ്റിലേക്ക് മാറ്റിയിരുത്തി. ഇതിനിടെ ബസിലെ ലൈറ്റ് അണച്ചപ്പോഴായിരുന്നു സംഭവം. യുവതിയുടെ നെഞചില് ഒന്നിലേറെ തവണ കുത്തേറ്റിട്ടുണ്ട്.ആക്രമണത്തിന് ശേഷം കത്തി പുറത്തേക്ക് എറിഞ്ഞതായും ജീവനക്കാര്‍ പറഞ്ഞു. രണ്ടു പേരുടെയും ബന്ധുക്കളോ സുഹൃത്തുക്കളോ ബസില്‍ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.