Friday, May 10, 2024
keralaNews

‘അമ്മ’യുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങുന്നു.

കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങുന്നു. അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് നടപടിയുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ നടന്നത്.ഷമ്മി തിലകനെതിരെ നടപടിയെടുക്കണമെന്നാണ് അംഗങ്ങളുടെയും ആവശ്യം. യോഗത്തിനെത്തിയ ഷമ്മി ചര്‍ച്ചകള്‍ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നും താരങ്ങളില്‍ ഒരാള്‍ ഇക്കാര്യം സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നുമാണ് വിവരം. ഇതിന്റെ ഭാഗമായി യോഗം നടന്ന അന്ന് തന്നെ ഷമ്മിയെ താക്കീത് ചെയ്തിരുന്നു.എന്നാല്‍ നടനെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തില്‍ പല താരങ്ങളും ഉറച്ചു നില്‍ക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയം അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ ധാരണയായത്. അതേസമയം മമ്മൂട്ടിയുള്‍പ്പടെ ചില താരങ്ങള്‍ ഷമ്മി തിലകനെതിരെ നടപടിയെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും വിവരമുണ്ട്.