Sunday, May 5, 2024
keralaNews

അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

കൊച്ചി: ജഡ്ജിമാര്‍ക്കെന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കൈക്കൂലി ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടേയെന്നും കോടതി പറഞ്ഞു. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.പ്രത്യേക അന്വേഷണസംഘം കൈക്കൂലി ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിട്ട് കുറച്ചുദിവസങ്ങളെ ആയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് സൈബി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സൈബിയുടെ ഹര്‍ജി പരിഗണിച്ചത്. പ്രാഥമികമായി വാദം കേട്ട കോടതി, സൈബിയുടെ ആവശ്യങ്ങള്‍ തള്ളി.തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നും ഇത്ര ധൃതിപിടിച്ച് എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ഹര്‍ജി എന്തിനാണ് ഫയല്‍ ചെയ്തതെന്നും കോടതി ആരാഞ്ഞു. ആരോപണം അതീവ ഗുരുതരമാണെന്നും അന്വേഷണം നടക്കട്ടേയെന്നും സത്യം പുറത്തുവരട്ടേ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി പോലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്. ആരോപണം അതീവഗുരുതരമാണെന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്. ഇതോടെയാണ് സൈബിയുടെ ഹര്‍ജി തള്ളിയത്.