Monday, May 6, 2024
indiaNews

അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സേനാ മേധാവി.

ന്യൂഡല്‍ഹി :ലഫ്. ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സേനാ മേധാവി. കരസേനയുടെ കിഴക്കന്‍ കമാന്‍ഡ് ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ആയിരുന്ന അനില്‍ ചൗഹാന്‍, കഴിഞ്ഞ വര്‍ഷമാണ് സൈന്യത്തില്‍നിന്ന് വിരമിച്ചത്. പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ച് 9 മാസങ്ങള്‍ക്കുശേഷമാണ് നിയമനം.കരസേനയുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ആയും അനില്‍ ചൗഹാന് പ്രവര്‍ത്തനപരിചയമുണ്ട്. നാഗാലാന്‍ഡിലെ ദിമാപുര്‍ ആസ്ഥാനമായുള്ള സേനാ കമാന്‍ഡ് (സ്പിയര്‍ കോര്‍) മേധാവിയുമായിരുന്നു. സൈനിക സേവനത്തിലെ മികവിനു അദ്ദേഹത്തിനു കീര്‍ത്തിചക്ര നല്‍കിയിരുന്നു. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

2020 ജനുവരിയില്‍ ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ചുമതലയേറ്റ ജനറല്‍ ബിപിന്‍ റാവത്ത്, തമിഴ്നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 8നാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ചു.