Monday, May 13, 2024
keralaNewspolitics

അധികാര സ്ഥാനത്തുള്ളവര്‍ പക്വത കാണിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എഫ്ഐ ആക്രമണത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ച രീതി ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും ജനാധിപത്യ സംവിധാനത്തിന് വിരുദ്ധമാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.’ഗവര്‍ണര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് നേരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധങ്ങളുണ്ടാകാം. അതിനോട് സ്വീകരിക്കേണ്ട സമീപനമാണ് വിഷയം. മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ പലപ്പോഴും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഇറങ്ങി ചെന്ന് പോലീസ് എന്തുചെയ്യുന്നുവെന്ന് നോക്കാന്‍ ഞാന്‍ പോയിട്ടില്ല. അധികാര സ്ഥാനത്ത് ഇരിക്കുന്ന ആരും അങ്ങനെ ചെയ്യാറില്ല. പ്രതിഷേധക്കാര്‍ക്ക് എതിരെ പോലീസ് എന്ത് നടപടിയെടുക്കുന്നുവെന്ന് നോക്കുന്ന അധികാരിയെ വേറെയെവിടെയും കണ്ടിട്ടില്ല. പോലീസ് ചെയ്യേണ്ട ജോലി പോലീസ് തന്നെ നിര്‍വ്വഹിക്കും. എന്നാല്‍ പോലീസ് തയ്യാറാക്കുന്ന എഫ്ഐആര്‍ കാണിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണ്.സുരക്ഷ സിആര്‍പിഎഫിന് കൈമാറുന്നത് വിചിത്രമായ കാര്യമാണ്. സംസ്ഥാനത്തിന്റെ തലവനെന്ന നിലയില്‍ ഏറ്റവുമധികം സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവര്‍ണര്‍ ഇരിക്കുന്നത്. എന്നാല്‍ ആ സുരക്ഷ വേണ്ടെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ലഭിച്ചിരുന്നു. ആ പട്ടികയിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനും പോകുന്നത്. ഇനി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സുരക്ഷയുടെ കൂടിലേക്ക് ഒതുങ്ങുകയാണ് ഗവര്‍ണര്‍. അതിന്റെ മേന്മ എന്താണെന്ന് എനക്കറിയില്ല. എന്താ, കേരളത്തില്‍ ഇനി സിആര്‍പിഎഫ് ഭരിക്കുമോ,,, കേരളം എന്താ സിആര്‍പിഎഫിനെ കണ്ടിട്ടില്ലേ, അവര്‍ക്ക് നേരിട്ട് കേസെടുക്കാന്‍ പറ്റുമോ ,  ഗവര്‍ണറുടെ സുരക്ഷയ്ക്ക് എന്തെങ്കിലും കുഴപ്പം പറ്റിയിട്ടുണ്ടോ ഇതുവരെ? അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സിആര്‍പിഎഫിന് കഴിയുമോ? കാരണം ഇവിടെ എഴുതപ്പെട്ട നിയമങ്ങളുണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന് പോകാന്‍ കഴിയുമോ,, ഏത് അധികാര സ്ഥാനത്തിനും മുകളിലാണ് നിയമം എന്ന് ഗവര്‍ണര്‍ മനസിലാക്കണം. ഇത്തരം കാര്യങ്ങളില്‍ സ്വയം വിവേകം കാണിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം. ആ, ഇ, എ എന്ന് സ്‌കൂളില്‍ നിന്ന് പഠിക്കുന്നതല്ല. സ്വന്തം അനുഭവത്തിലൂടെ പഠിക്കേണ്ട ഒന്നാണ്. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ജനാധിപത്യ മര്യാദയും പക്വതയും കാണിക്കണം. ആരോഗ്യമുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്.” -മുഖ്യമന്ത്രി പറഞ്ഞു.