Monday, May 13, 2024
keralaNewsObituary

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം. കേസില്‍ കൂടുതല്‍ ആരോപണങ്ങളുമായി മധുവിന്റെ കുടുംബം

പാലക്കാട്:മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിലെ മധുവിനെ നാട്ടുകാര്‍ ആക്രമിച്ചു മധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനുള്ളവരുടെ പട്ടിക കുടുംബം സര്‍ക്കാരിന് സമര്‍പ്പിച്ചു. നാല് അഭിഭാഷകരുടെ പേരുകളാണ് നല്‍കിയത്. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് പേരുകള്‍ കൈമാറിയത്. അഭിഭാഷകരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്ന് മധുവിന്റെ കുടുംബം പറഞ്ഞു.

രണ്ടാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും ഒഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നാലുപേരില്‍ ഒരാളെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും മറ്റൊരാളെ അഡീഷണല്‍ പ്രോസിക്യൂട്ടറും ആക്കണമെന്നാണ് കുടുംബത്തിന്റെ ശുപാര്‍ശ.

കേസില്‍ കൂടുതല്‍ ആരോപണങ്ങള്‍ മധുവിന്റെ കുടുംബം ഉന്നയിക്കുന്നു. അഡീ. ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ ഉള്ളത്. മധുവിനെ മുക്കാലിയില്‍ നിന്ന് കൊണ്ടുപോയ പൊലീസ് ജീപ്പില്‍ എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അസ്വസ്ഥതയൊന്നുമില്ലാതെ ജീപ്പില്‍ കയറിയ മധു എങ്ങനെ മരിച്ചുവെന്ന് മനസിലാകുന്നില്ല. മുക്കാലിയില്‍ നിന്ന് അഗളിയിലേക്ക് അരമണിക്കൂര്‍ മതിയെന്നിരിക്കെ ഒന്നേ കാല്‍ മണിക്കൂറാണ് യാത്രക്ക് എടുത്തത്. ഇത് സംബന്ധിച്ച് പരിശോധന വേണം.

മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിരുന്നതായി സംശയമുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിയുടെ ശബ്ദം കേട്ടിരുന്നു. മധു കൊല്ലപ്പെടുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പേ മധുവിന്റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും ആരോപണമുണ്ട്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ക്ക് സംഭവസ്ഥലവുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയുന്നതെന്നും കുടുംബം പറയുന്നു.