Monday, May 20, 2024
keralaNewspolitics

അഖില നന്ദകുമാറിനെതിരായ കേസ്; ദേശീയ വനിതാ കമ്മീഷന് യുവമോര്‍ച്ച പരാതി നല്‍കി

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരായ കേസില്‍ ദേശീയ വനിതാ കമ്മീഷന് യുവമോര്‍ച്ച പരാതി നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വാര്‍ത്ത പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ മാദ്ധ്യമപ്രവര്‍ത്തകയെ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് യുവമോര്‍ച്ചയുടെ പരാതിയില്‍ പറയുന്നു.     മാദ്ധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ അഖില നന്ദകുമാര്‍ തന്റെ ജോലിയാണ് നിര്‍വഹിച്ചതെന്നും സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് യുവമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷ അഞ്ജു ജോസ്റ്റി പരാതി നല്‍കിയത്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന കെ. വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച സംഭവവും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതില്‍ കെഎസ്യു ഉയര്‍ത്തിയ ആരോപണവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടറായ അഖില നന്ദകുമാറിനെതിരെ പോലീസ് കേസെടുത്തത്. ആര്‍ഷോയുടെ പരാതിയിന്മേലായിരുന്നു നടപടി. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ കെ. വിദ്യയെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്ത പോലീസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തുവെന്ന കുറ്റത്തിന് മാദ്ധ്യമപ്രവര്‍ത്തകയ്ക്കെതിരെ നടപടിയെടുത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.