Monday, May 13, 2024
keralaNews

മറ്റെന്നാള്‍ മുതല്‍ ആള്‍ക്കൂട്ട നിരോധനം; അഞ്ചു പേരില്‍ കൂടുതല്‍ ഒത്തുചേരരുത്…

കൊറോണ വൈറസ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍. അഞ്ചു പേരില്‍ കൂടുതലുളള ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറക്കിയത്. തീവ്രരോഗവ്യാപനം നിലനില്‍ക്കുന്ന മേഖലകളില്‍ നിരോധനാജ്ഞ അടക്കം നടപ്പാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നല്‍കിയ ഇളവുകള്‍ തുടരുമെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.അതേസമയം സംസ്ഥാനത്ത് വീണ്ടും എണ്ണായിരം കടന്ന് പ്രതിദിന കോവിഡ് കണക്ക്. ഇന്ന് 8135 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 7013 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 730 പേരാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 59,157 സാമ്പിളുകള്‍ പരിശോധന നടത്തി. 2,828 പേരാണ് രോഗമുക്തരായത്. 72,339 പേര്‍ ചികിത്സയിലുണ്ട്