Saturday, May 18, 2024
keralaNews

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.

ശബരിമല യുവതി പ്രവേശനത്തിന് സമവായത്തിന് ശ്രമിക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ക്ഷേത്രവിഷയങ്ങളില്‍ സര്‍ക്കാരോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടപെടില്ല. കോടതികള്‍ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുകയാണ് ചെയ്തതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിശ്വാസപ്രമാണങ്ങളെ തച്ചുതകര്‍ത്ത് അതിന്റെ മുകളില്‍ ആധിപത്യം സ്ഥാപിക്കുക എന്നുള്ളതല്ല രീതിയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.കാണിക്ക വഞ്ചിയില്‍ നിന്നോ ഭണ്ഡാരത്തില്‍ നിന്നോ ലഭിക്കുന്ന പണം കൂടാതെ ദേവസ്വം ബോര്‍ഡുകളുടെ നിലനില്‍പ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാന്‍ കഴിയണം. എക്കാലത്തും സര്‍ക്കാരിനെ ആശ്രയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.