Sunday, May 12, 2024
keralaNews

ശബരിമലയില്‍ ഇക്കുറി വരുമാനത്തില്‍ വന്‍ ഇടിവ്.

ശബരിമലയില്‍ ഇക്കുറി വരുമാനത്തില്‍ വന്‍ ഇടിവ്. മണ്ഡലകാലം ആരംഭിച്ച് 39 ദിവസം പിന്നിട്ടപ്പോള്‍ 9,09,14,893 രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിന്റെ ആറ് ശതമാനത്തോളം മാത്രമാണിത്. കഴിഞ്ഞ വര്‍ഷം 156,60,19,661 രൂപയായിരുന്നു ഇതേ കാലയളവിലെ വരുമാനം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വരുമാനം കുറയാന്‍ കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 71,706 ഭക്തര്‍ മാത്രമാണ് ഇക്കുറി ദര്‍ശനത്തിനെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അതിന്റെ അഞ്ച് ശതമാനത്തില്‍ താഴെയാളുകള്‍ മാത്രമാണ് ഈ വര്‍ഷം ദര്‍ശനത്തിനായി എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദിവസേന അന്‍പതിനായിരവും ഒരു ലക്ഷത്തിനും ഇടയില്‍ ആളുകള്‍ വന്നുകൊണ്ടിരുന്ന സ്ഥാനത്താണ് 2000 വും 3000 വും ആക്കി കുറച്ചത്. അതുകൊണ്ടു തന്നെ വരുമാനത്തിലെ ഇടിവ് പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പ്രതിദിനം 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്ന അഭിപ്രായമാണ് ബോര്‍ഡിനുളളത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും അഭിപ്രായവും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ഥാടനം മുടക്കുന്നത് ശരിയല്ല എന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡകാലം ആരംഭിച്ചത്. 2011 മുതല്‍ പോലീസ് തുടങ്ങിയ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ദേവസ്വം ബോര്‍ഡ് പ്രയോജനപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ഡിസംബര്‍ 24 വരെ 390 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവസ്വം ബോര്‍ഡ്, പോലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ഇബി, എക്സൈസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേയും സ്ഥിരം ജീവനക്കാരും താല്‍ക്കാലിക തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും.മകര വിളക്ക് വരെ ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബര്‍ 26 മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരെ മാത്രം ദര്‍ശനത്തിന് അനുവദിച്ചാല്‍ മതിയെന്നായിരുന്നു ഹൈക്കോടതിയുടേയും സര്‍ക്കാരിന്റെയും നിര്‍ദേശം. എന്നാല്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസവും ചെലവും പരിഗണിച്ച് വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റിന് പുറമേ ആര്‍ടി ലാമ്പ് ടെസ്റ്റ്, എക്സ്പ്രസ് നാറ്റ് എന്നീ രണ്ട് ടെസ്റ്റുകളിലേതെങ്കിലും നടത്തി നെഗറ്റീവാകുന്നവരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍ടി ലാമ്പ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം നിലയ്ക്കലില്‍ ഇല്ലെങ്കിലും കോഴഞ്ചേരിയില്‍ ഉണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ സുധീഷ്, ചീഫ് എന്‍ജിനിയര്‍ കൃഷ്ണകുമാര്‍, ഡെപ്യൂട്ടി എന്‍ജിനിയര്‍ അജിത്ത് കുമാര്‍, ഫെസ്റ്റിവെല്‍ കണ്‍ട്രോളര്‍ പദ്മകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.