Monday, May 13, 2024
keralaNews

വൈസ് ചാന്‍സലര്‍ പുനര്‍നിയമനം: മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി.

തിരുവനന്തപുരം :കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി. കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനം സംബന്ധിച്ച് മന്ത്രി ആര്‍. ബിന്ദു ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തുനല്‍കിയത് ചട്ടവിരുദ്ധമായാണ് എന്നതായിരുന്നു ഹര്‍ജി. മന്ത്രിയുടേത് നിര്‍ദേശം മാത്രമാണെന്ന് ലോകായുക്ത വിലയിരുത്തി. ഗവര്‍ണര്‍ക്ക് നിര്‍ദേശം തള്ളാനും അംഗീകരിക്കാനും അധികാരമുണ്ട്. നിര്‍ദേശത്തെ ഉത്തരവായോ ശുപാര്‍ശയായോ കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സിറിയക് തോമസാണ് വിധിയില്‍ പറഞ്ഞു. മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. വി.സി. നിയമനത്തില്‍ പൂര്‍ണനിയമന അധികാരി ഗവര്‍ണറാണെന്നും ലോകായുക്ത പറഞ്ഞു.കണ്ണൂര്‍ വിസിയായുള്ള പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രി ബിന്ദു കത്തെഴുതിയത് അധികാരദുര്‍വിനിയോഗമെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന വിശദമായ വാദത്തില്‍ മന്ത്രിക്ക് അനുകൂലമായിരുന്നു ലോകായുക്തയുടെ നിരീക്ഷണങ്ങള്‍. മന്ത്രിയുടെ കത്ത് ശുപാര്‍ശയല്ലെന്നും നിര്‍ദേശമാണെന്നും നിരീക്ഷിച്ച ലോകായുക്ത ഗവര്‍ണര്‍ക്ക് അത് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നെന്നും പറഞ്ഞു. മാത്രവുമല്ല, ലോകായുക്തയുടെ പരിധിയില്‍ ചാന്‍സലറോ പ്രോ ചാന്‍സലറോ വരില്ല, കത്ത് ഇടപാട് ഇരുകൂട്ടരും സമ്മതിക്കുന്നതിനാല്‍ അന്വേഷണത്തിന്റെ പ്രസക്തിയെന്തെന്നും ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.വിസി നിയമനത്തില്‍ പേര് നിര്‍ദേശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടത് ഗവര്‍ണറാണെന്ന് തെളിയിക്കുന്ന കത്തും സര്‍ക്കാര്‍ വാദത്തിനിടെ ഹാജരാക്കി. മന്ത്രിക്കെതിരായ ഹര്‍ജിയുടെയും ഗവര്‍ണറുടെ പരസ്യനിലപാടിന്റെയും മുനയൊടിക്കുന്നതാണ് ഈ തെളിവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നും വാദപ്രതിവാദം നടന്ന ശേഷമായിരിക്കും വിധി പറയുക.ലോകായുക്തയില്‍ സര്‍ക്കാരിന് ഇന്ന് വിധി നിര്‍ണായകദിനമാണ്. മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജിയിലെ വിധിക്കൊപ്പം മുഖ്യമന്ത്രിക്കെതിരായ പരാതിയും പരിഗണിക്കുന്ന ദിനമാണിന്ന്. ദുരിതാശ്വാസ നിധിയിലെ തുക വിനിയോഗത്തില്‍ ചട്ടലംഘനം ആരോപിച്ചാണു മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി.ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിനും ജോലിക്കിടെ അപകടത്തില്‍ മരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഗണ്‍മാന്റെ കുടുംബത്തിനും ഉള്‍പ്പെടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചത് ചടങ്ങള്‍ മറികടന്നെന്നാണ് മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി. ഇതില്‍ വാദമാണ് ഇന്ന് നടക്കുക.