Thursday, May 9, 2024
AgricultureeducationkeralaNews

പഠനത്തിനൊപ്പം കൃഷിയും സജീവമാകാന്‍ ഒരുങ്ങി നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍

കോവിഡ് ഭീതി കുറഞ്ഞ് വീണ്ടും സ്‌കൂള്‍ തുറന്നതോടെ പഠനത്തിനൊപ്പം കൃഷിയില്‍ കൂടി വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നാഷണല്‍ സര്‍വീസ് സ്‌കീമിലെ വിദ്യാര്‍ഥികള്‍. മലപ്പുറം അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ കുട്ടികളാണ് സ്‌കൂളില്‍ അധ്യയനം ആരംഭിച്ചതിനു പിന്നാലെ നെല്‍കൃഷിക്കു കൂടി തുടക്കം കുറിച്ചത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരീക്കോട് വെളേളരിയിലെ ചാലിപ്പാടത്ത് ഞാറു നടാന്‍ വിദ്യാര്‍ഥികള്‍ എത്തിയത് ഇരട്ടി ആവേശത്തോടെ. വയലും വീടും എന്ന പേരിലാണ് 10 ഏക്കറില്‍ കൃഷിയാരംഭിച്ചത്.വിദ്യാര്‍ഥികളുടെ ഞാറുനടീല്‍ കണ്ട് ആവേശം കയറി അതുവഴി നടന്നുപോയ വീട്ടമ്മമാരും പങ്കുചേര്‍ന്നു. നേരത്തെ ഒരേക്കര്‍ വയലിലായിരുന്നു വിദ്യാര്‍ഥികളുടെ കൃഷി. ഇപ്രാവശ്യം അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം നൗഷര്‍ കല്ലടയുടെ 10 ഏക്കര്‍ ഭൂമിയിലാണ് ഞാറു നടുന്നത്. സ്‌കൂള്‍ തുറന്നതിനു പിന്നാലെ രാജസ്ഥാന്‍കാരിയായ സഹപാഠിയുടെ കുടുംബത്തിന് വിദ്യാര്‍ഥികള്‍ നിര്‍മിച്ച വീടിന്റെ താക്കോലും കൈമാറി.