Friday, April 19, 2024
indiakeralaNews

80ാം വയസില്‍ ആന്റണിക്ക് നാളെ കന്നിവോട്ട്.

തൃശൂര്‍ വെന്മേനാട് ഒലക്കേങ്കില്‍ ആന്റണി നാളെ 80ാം വയസില്‍ കന്നിവോട്ട് ചെയ്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമാകും. ഇതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ആന്റണി. സ്വാതന്ത്ര്യം കിട്ടുന്നതിനും ആറ് വര്‍ഷം മുമ്ബ് 1941ലാണ് ആന്റണിയുടെ ജനനമെങ്കിലും ഇതുവരെ സമ്മതിദാന അവകാശം വിനിയോഗിക്കാനായിട്ടില്ല.വളരെ ചെറുപ്പത്തില്‍ ദുബൈയില്‍ പ്രവാസ ജീവിതം ആരംഭിച്ചതിനാല്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. 1980ല്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും കച്ചവടവുമായി ബാംഗ്ലൂരിലേക്ക് പോയി. 15 വര്‍ഷത്തിന് ശേഷം 1995ല്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും വോട്ട് ചെയ്യേണ്ടത് ഒരാവശ്യമാണന്ന് തോന്നിയിരുന്നില്ല. അതിനുപരി ഒരു രാഷ്ട്രീയക്കാരനും വോട്ട് ചേര്‍ക്കാന്‍ സമീപിച്ചുമില്ല. ആധാറും മറ്റ് രേഖകളും ഇല്ലാത്തതിനാല്‍ വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡ് എടുക്കാനും കഴിഞ്ഞില്ല. രണ്ട് വര്‍ഷം മുന്‍മ്പാണ് രേഖകളല്ലാം ശരിയായത്.എന്നിട്ടും വോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചില്ല. ഇത്തവണ വീട്ടിലെത്തിയ ബി.എല്‍.ഒ എന്‍.ജെ. ജയിംസാണ് വോട്ട് ഉണ്ടോ എന്ന് ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് പാവറട്ടി സി.എസ്.സിയിലേക്ക് പറഞ്ഞയച്ച് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്ത് കാര്‍ഡ് കഴിഞ്ഞ ശനിയാഴ്ച നേരിട്ട് വീട്ടിലെത്തിക്കുകയും ചെയ്തു.വെന്മേനാട് എം.എ.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആന്റണിക്ക് വോട്ട്. വോട്ട് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആന്റണി പറഞ്ഞു.