ദേശീയ ഗെയിംസ്: യോഗയില്‍ ആദ്യ സ്വര്‍ണം; ചരിത്രനേട്ടം നേടി പൂജ പട്ടേല്‍
ന്യൂഡല്‍ഹി :36ാമത് ദേശീയ ഗെയിംസില്‍ ചരിത്ര നേട്ടവുമായി പൂജ പട്ടേല്‍. ദേശീയ ഗെയിംസിലെ യോഗാസന വിഭാഗത്തില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് ഗുജറാത്ത് സ്വദേശിയായ പൂജ ചരിത്രം കുറിച്ചത്. ഇതോടെ യോഗയില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ അത്ലറ്റ് എന്ന പട്ടമാണ് പൂജ സ്വന്തമാക്കിയത്.ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പുതിയ കായിക ഇനങ്ങളില്‍ ഒന്നാണ് യോഗ. കബഡി, ഖോ ഖോ, മല്ലഖംബ തുടങ്ങിയ കായിക ഇനങ്ങളും ഉള്‍പ്പെടുന്ന പരമ്പരാഗത വിഭാഗത്തിലാണ് യോഗ ഉള്‍പ്പെടുത്തിയിരുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പൂജ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. മത്സരത്തില്‍ യോഗ ചെയ്യുന്ന പൂജയുടെ വീഡിയോ ഓള് ഇന്ത്യ റേഡിയോ ന്യൂസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 36ാമത് ദേശീയ ഗെയിംസ് ഗുജറാത്തില്‍ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബര്‍ 29 ന് ആരംഭിച്ച മത്സരം ഈ മാസം 12 ന് അവസാനിക്കും. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് പരിപാടി.