Tuesday, May 14, 2024
Local NewsNews

എരുമേലിയില്‍ തിരക്കിന് ഒരു കുറവുമില്ല: വാഹനങ്ങള്‍ പലയിടത്തും പിടിച്ചിട്ടു

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായതോടെ തീര്‍ത്ഥാടന വാഹനങ്ങള്‍ പല സ്ഥലത്തും പോലീസ് പിടിച്ചിട്ടു .  ഇന്ന് രാവിലെ തന്നെ എരുമേലിയിലെ പാര്‍ക്കിംഗ് സ്ഥലങ്ങളിലും , മുക്കൂട്ടുതറ എം ഇ എസ് ജംഗഷന്‍, മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്ര പരിസരത്ത് അടക്കമാണ് വാഹനങ്ങള്‍ പോലീസ് പിടിച്ചിട്ടത്. എരുമേലി ടൗണിലെ തിരക്ക് കൂടി വര്‍ദ്ധിച്ചതോടെ കാഞ്ഞിരപ്പള്ളി റോഡില്‍ കൊരട്ടി വരേയും, റാന്നി റോഡില്‍ കരിങ്കല്ലുംമൂഴി വരേയും, എരുമേലി – മുണ്ടക്കയം റോഡില്‍ ചരള വരേയും, മണിക്കൂറുകളോളം റോഡില്‍ തന്നെയായിരുന്നു പാര്‍ക്കിംഗ് . തീര്‍ത്ഥാടകരുടെ നിയന്ത്രണാതീതമായ തിരക്കില്‍ പോലീസും നട്ടം തിരിയുകയാണ്.   പേട്ട തുള്ളല്‍ പാതയിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ഏറെ കഷ്ടപ്പെടുന്നതിനിടെക്കാണ് ഗതാതക്കുരുക്കില്‍ എരുമേലി വീര്‍പ്പുമുട്ടുന്നത് . ഇതിനിടെയാണ് എരുമേലിയില്‍ ഇന്ന് രാവിലെ രണ്ട് സ്ഥലങ്ങളില്‍ വാഹനാപകടം ഉണ്ടായത്. എരുമേലി പോലീസ് സ്റ്റേഷന്‍ സമീപമുള്ള പാര്‍ക്കിംഗ് മൈതാനത്തു നിന്നും നിയന്ത്രണം വിട്ട തീര്‍ത്ഥാടക വാഹനം പ്രധാന റോഡ് മറികടന്ന് വലിയ തോട്ടില്‍ പതിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് 4.30 ഓടെയായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത് . ഈ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എരുമേലി – പമ്പ സംസ്ഥാന പാതയില്‍ കണമല അട്ടിവളവിലാണ് രണ്ടാമത്തെ അപകടം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല . ഇറക്കം ഇറങ്ങി വരുന്നതിനിടെ മിനി ബസ് നിയന്ത്രണം വിട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു.