Tuesday, May 14, 2024
Local NewsNews

എരുമേലിയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടു; പ്രതിഷേധിച്ച അയ്യപ്പഭക്തരെ പോലീസ് പിടിച്ച് നീക്കി

എരുമേലി: എരുമേലിയില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതില്‍ പ്രതിഷേധിച്ച് പേട്ടതുള്ളല്‍ പാതയില്‍ ഉപരോധ സമരം നടത്തിയ അയ്യപ്പഭക്തരെ പോലീസ് ബലമായി പിടിച്ച് നീക്കി. എരുമേലി ടൗണില്‍ പേട്ട തുള്ളല്‍ പാതയോരത്തുള്ള വാവര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് മുന്നില്‍ ഇന്ന് ഉച്ചകഴിഞ്ഞ് അഞ്ച് മണിയോടെയായിരുന്നു സംഭവം.   പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് മണിക്കൂറുകളോളം പിടിച്ചിട്ട വാഹനങ്ങള്‍ വിടണമെന്നാവശ്യപ്പെട്ടായിരുന്നു അയ്യപ്പഭക്തരുടെ പ്രതിഷേധം. അരമണിക്കൂറിലധികം നടന്ന അയ്യപ്പഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി സംസ്ഥാന പാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത് .അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ മാത്രമല്ല കെ എസ് ആര്‍ റ്റി സി, മറ്റ് സ്വകാര്യ ബസുകള്‍, സ്വകാര്യ മറ്റ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത് . സ്വകാര്യ ബസില്‍ എത്തിയ യാത്രക്കാരാണ് ദുരിതത്തിലായത് . ബസ് നിന്ന സ്ഥലത്തു നിന്നും ഇറങ്ങി ഏറെ ദൂരം നടന്നാണ് പലരും പോയത് .   നിലയ്ക്കല്‍, പമ്പ അടക്കം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് എരുമേലിയിലെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നതെന്നാണ് പോലീസ് പറയുന്നത് . റോഡില്‍ കുത്തിയിരുന്ന് അയ്യപ്പ ഭക്തരുമായി പോലീസ് ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ അയ്യപ്പഭക്തര്‍ തയ്യാറായില്ല.                           

പിന്നീട് വേറെ പോലീസ് എത്തി റോഡില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്ന് കര്‍ശനമായി പറഞ്ഞതോടെ കൂടുതല്‍ അയ്യപ്പ ഭക്തര്‍ സമരത്തിന് പിന്തുണ നല്‍കി റോഡിലെത്തിയതോടെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച അയ്യപ്പഭക്തരെ പോലീസുകാര്‍ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. അയ്യപ്പഭക്തരെ നീക്കുന്നതിനിടെ പേട്ടതുള്ളല്‍ പാതയില്‍ കിടന്ന വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. ഇതിനിടെ പ്രതിഷേധത്തിനൊടുവില്‍ ഗ്രൗണ്ടില്‍ പിടിച്ചിട്ട തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പോലീസ് കടത്തിവിടുകയും ചെയ്തു . തീര്‍ത്ഥാടകരുടെ തിരക്കിനെ തുടര്‍ന്ന് എരുമേലിയില്‍ പല ഗ്രൗണ്ടിലും തീര്‍ത്ഥാടക വാഹനങ്ങള്‍ ഏറെ നേരം പിടിച്ചിട്ടിരുന്നു.