Wednesday, May 15, 2024
keralaNewsUncategorized

അമ്മയെയും 5 മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം ഫറോക്കിലേക്ക്

വയനാട്: വയനാട്ടില്‍ അമ്മയെയും മക്കളെയും കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഫറോക്കിലേക്ക് . കാണാതായ വിമിജയുടെ മൊബൈലില്‍ നിന്നുള്ള ഒടുവിലെ സിഗ്‌നല്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട് കമ്പളക്കാട് പൊലീസ് സംഘം ഫറോക്കിലേക്ക് പുറപ്പെട്ടു. വിമിജയുടെ ഭര്‍ത്താവ് ജെഷിയുമായാണ് പൊലീസ് ഫറോക്കിലേക്ക് പോയത്.
ഈ മാസം 18 ന് ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞാണ് കമ്പളക്കാട് നിന്ന് വിമിജ അഞ്ച് മക്കളെയും കൂട്ടി പോയത്. എന്നാല്‍ ആറ് പേരും അവിടെ എത്തിയില്ല. ഫോണില്‍ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെയാണ് ഭര്‍ത്താവ് കമ്പളക്കാട് പൊലീസിന് പരാതി നല്‍കിയത്. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവര്‍ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (ഒന്‍പത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരാണ് ഉണ്ടായിരുന്നത്.