Saturday, April 27, 2024
keralaNews

പൂരം പൊടിപൂരം : തൃശ്ശൂര്‍ പൂരാവേശത്തില്‍

തൃശൂര്‍ : തൃശൂരില്‍ ഇന്ന് പൂരം. ഘടകപൂരങ്ങളില്‍ ആദ്യത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിന്‍കാടെത്തുന്ന ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനില്‍ പ്രവേശിച്ച് മടങ്ങും. പിന്നാലെ പനമുക്കം പിള്ളി ശാസ്താവ്, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കാട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ഭഗവതിമാരും വടക്കുന്നാഥനിലെത്തും. ഏഴരയ്ക്ക് തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ക്ഷേത്രത്തില്‍ നിന്നാരംഭിക്കും. പതിനൊന്നരയോടെ നടുവില്‍ മഠത്തില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കും. 12.15 നാണ് പാറമേക്കാവിന്റെ എഴുന്നെള്ളത്ത്. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളം. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും.ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, പഞ്ചവാദ്യം എന്നിവയെല്ലാം തൃശൂര്‍ പൂരത്തിന്റെ പ്രധാന ഘടകങ്ങളാണ്. പകല്‍പ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ട്, പിന്നീട് ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ ആവേശഭരിതമാക്കും. വൈകിട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. നാളെയാണ് അടുത്ത പൂരത്തിന്റെ തീയതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുക.പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ഇതില്‍ മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ ആകര്‍ഷിക്കുന്ന കാഴ്ച. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട് ഒരുങ്ങുന്നത്. നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനായിരുന്നു.