Friday, May 17, 2024
keralaNews

തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ, പി ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗ കേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ, പി ആര്‍ സുനുവിനെ സസ്‌പെന്റ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണര്‍ ഉത്തരവിറക്കും. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് പി ആര്‍ സുനു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന പേരില്‍ അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സുനു ഇന്ന് രാവിലെ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ പിന്നാലെ സുനുവിനോട് അവധിയില്‍ പോകാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ നിര്‍ദേശം നല്‍കി.ആരോപണ വിധേയനായ വ്യക്തി സ്റ്റേഷന്‍ ചുമതല വഹിക്കുന്നത് കൂടുതല്‍ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലില്‍ ആണ് ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി എം ആര്‍ അജിത് കുമാര്‍ സുനുവിനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. താന്‍ നിരപരാധി എന്ന് ബോധ്യപ്പെട്ടതിനാലാണ് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മേലധികാരികള്‍ അനുവാദം തന്നതെന്നായിരുന്നു സുനുവിന്റെ വിശദീകരണം.