Monday, May 6, 2024
keralaNewsObituary

ഷാരോണ്‍ കേസില്‍ ഗ്രീഷ്മയെ വീട്ടിലെത്തിച്ച് നാളെ തെളിവെടുക്കും

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊല കേസിലെ പ്രധാന പ്രതി ഗ്രീഷ്മയെ നാളെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇതിനിടെ ഗ്രീഷ്മയുടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയതിലെ ദുരൂഹതയും പൊലീസ് അന്വേഷിക്കുകയാണ്.സംഭവത്തില്‍ തമിഴ്‌നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം തുടരുന്നുണ്ട്. നാളെ രാവിലെ മുതല്‍ ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും നേരിട്ട് എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് വീടിന്റെ പൂട്ട് തകര്‍ത്ത് ആരോ അകത്ത് കയറിയത്. കൃത്യം നടന്ന സ്ഥലമായത് കൊണ്ട് തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. സീലും പൂട്ടും തകര്‍ത്താണ് അജ്ഞാതന്‍ അകത്ത് കയറിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി.
പ്രധാനപ്പെട്ട തെളിവുകള്‍ ഒന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും തെളിവെടുപ്പിന് തൊട്ടുമുമ്പ് ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ഷാരോണിനെ കൊന്നത് താനാണ് എന്ന് ഗ്രീഷ്മ സമ്മതിച്ച ദിവസം രാത്രി വീട്ടിന് നേരെ കല്ലേറുണ്ടായിരുന്നു. അന്നത്തെ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിരുന്നു. ഗ്രീഷ്മയെയും കൊണ്ട് നാളെ അന്വേഷണ സംഘം വീട്ടില്‍ തെളിവെടുപ്പ് നടത്തിയേക്കും. അതേസമയം പാറശാല ഷാരോണ്‍ കേസില്‍ കേസന്വേഷേണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്ന കാര്യത്തില്‍ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്‌നാട്ടില്‍ നടന്നിട്ടുള്ളതിനാല്‍ കേസ് തമിഴ്‌നാട്ടിലേക്ക് കൈമാറുന്നതാകും അഭികാമ്യമെന്നായിരുന്നു ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. എന്നാല്‍ കേരളത്തില്‍ അന്വേഷണം നടത്തുന്നതിലും തടസമില്ലെന്നായിരുന്നു ഒരു വിഭാഗം നിയമജ്ഞരുടെ നിര്‍ദ്ദേശം.