Thursday, May 9, 2024
keralaNews

സമരദിനത്തിലെ ശമ്പള അവധി: സര്‍ക്കാര്‍ വാദങ്ങളെല്ലാം തള്ളി ഹൈക്കോടതി

കൊച്ചി അഖിലേന്ത്യാ പണിമുടക്കു ദിവസങ്ങളില്‍ ശമ്പളത്തോടെ അവധി അനുവദിക്കാന്‍ ഉത്തരവിറക്കിയതു നയതീരുമാനം ആയതിനാല്‍ ഇടപെടരുതെന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും ഹൈക്കോടതി തള്ളി. ചട്ടവിരുദ്ധമായ നയതീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിനാവില്ലെന്നും കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് പറഞ്ഞു. ഉത്തരവു ബാധിക്കുന്നവരെ കേസില്‍ കക്ഷിചേര്‍ത്തിട്ടില്ലെന്നും സര്‍വീസ് വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചതും അംഗീകരിച്ചില്ല.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അധികാരം കയ്യാളുന്ന നിയമനിര്‍മാണ, ഭരണനിര്‍വഹണ വിഭാഗങ്ങള്‍ക്കു നിയമവാഴ്ച അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു. ‘ഭരണാധികാരികളോ ജനപ്രതിനിധികളോ അല്ല, നിയമമാണു രാജ്യം ഭരിക്കുന്നത്. അതാണു നിയമവാഴ്ചയുടെ അന്തഃസത്ത. സര്‍ക്കാര്‍ നയമായാലും ചട്ടവിരുദ്ധമായാല്‍ ഇടപെടാം’- കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് സമരത്തിനുള്ള പ്രോത്സാഹനമല്ലെന്നും പ്രത്യേക സാഹചര്യത്തില്‍ ഓഫിസില്‍ എത്താന്‍ കഴിയാതെ പോയവര്‍ക്കുള്ള ഇളവാണെന്നും സര്‍ക്കാര്‍ വാദിച്ചു. അവധി അപേക്ഷയുടെ കാരണങ്ങള്‍ ബോധ്യപ്പെട്ട ശേഷമാണ് അധികാരികള്‍ അവധി പാസാക്കുന്നതെന്നും പറഞ്ഞു. എന്നാല്‍, ഉത്തരവില്‍ ഉപാധികള്‍ ഒന്നുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

മുന്‍പും ഇത്തരം കീഴ്വഴക്കമുണ്ടെന്നും ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട അവധിയാണു നല്‍കുന്നത് എന്നതിനാല്‍ സര്‍ക്കാരിന് അധികച്ചെലവുകള്‍ ഒന്നുമില്ലെന്നും സര്‍ക്കാര്‍ വാദിച്ചതും വിലപ്പോയില്ല. മുന്‍കൂട്ടി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നില്ലെന്നും അതിനാല്‍ ശമ്പളമുള്ള അവധി അനുവദിച്ചതില്‍ അപാകതയില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഹാജര്‍ കുറവിന്റെ പേരില്‍ സമരം വിജയിച്ചതായി അവകാശപ്പെട്ടവര്‍ക്ക് കാഷ്വല്‍ ലീവും മറ്റ് അവധികളും എടുക്കാന്‍ അനുമതി നല്‍കുന്നതു നിയമവിരുദ്ധവും അന്യായവുമാണെന്നു ഹര്‍ജിക്കാരനു വേണ്ടി വി. സജിത്കുമാര്‍ വാദിച്ചു. സമരദിനത്തിലും ജോലി ചെയ്തവരോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാട്ടി.

സമരം കേന്ദ്രത്തിന് എതിരെങ്കില്‍ ശമ്പളം; സംസ്ഥാനത്തിന് എതിരെങ്കില്‍ നടപടി

തിരുവനന്തപുരം ന്മ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷവും അവധി നല്‍കി. 2019 ജനുവരി 8, 9 തീയതികളിലെ സമരവുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 2020 ജനുവരി 8നു പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം തടയേണ്ടെന്ന് ആ മാസംതന്നെ ശമ്പളസ്ലിപ് തയാറാക്കുംമുന്‍പ് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെതിരായ പണിമുടക്കുകളില്‍ ചിലതിനു ഡയസ്‌നോണ്‍ പുറപ്പെടുവിച്ച് ശമ്പളം മുടക്കാന്‍ ശ്രമമുണ്ടായി.