Wednesday, May 15, 2024
keralaNews

മകര വിളക്ക് ; തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ എരുമേലിയിലും – കോട്ടയത്തും യോഗം 

എരുമേലി : മണ്ഡല പൂജയ്ക്ക് ശേഷം, മകര വിളക്ക് പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നതോടെ ശബരിമലയിലേതു പോലെ പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിലും അയ്യപ്പഭക്തരുടെ തിരക്കേറി .മണ്ഡലകാലത്തുണ്ടായ വ്യാപകമായ പരാതികൾ പരമാവധി കുറക്കാനുള്ള നടപടികളാണ്  മകരവിളക്ക് വേളയിൽ സ്വീകരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
എരുമേലി പഞ്ചായത്ത് : 
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ 1/01 2024 – തിങ്കളാഴ്ച  എരുമേലിയിലും – കോട്ടയത്തും യോഗം നടത്തുന്നുണ്ടെന്നും എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു.  എം എൽ എയുടെ അധ്യക്ഷതയിൽ രാവിലെ 10.30 ന് എരുമേലി ദേവസ്വം ബോർഡ് ഹാളിലും, ഉച്ചയ്ക്ക് 12.30 ന്  കളക്ടറുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലുമാണ് യോഗം നടക്കുന്നത് .മകര വിളക്ക് കാലത്ത് അയ്യപ്പഭക്തർ പരമ്പരാഗത കാനന പാതയിലൂടെയാണ് കൂടുതലായി യാത്ര ചെയ്യുന്നത് . എന്നാൽ കോയിക്കക്കാവ് മുതൽ കാളകെട്ടി വരെയുള്ള പാതയിൽ അയ്യപ്പ ഭക്തർക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യം ഇല്ല . ഇതിന് സൗകര്യം ഒരുക്കുന്നതിനായി വനം വകുപ്പുമായി സഹകരിച്ച് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ താത്ക്കാലിക ശൗചാലയങ്ങൾ നിർമ്മിക്കാനുള്ള നിവേദനം നാളെ നടക്കുന്ന യോഗത്തിൽ നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു .മാലിന്യ സംസ്കരണമടക്കം കാര്യങ്ങൾ നടക്കുന്നതായും അവർ പറഞ്ഞു.
പോലീസ് : 
പോലീസ് ഇന്നലെ എരുമേലിയിൽ ഡ്യൂട്ടി തുടങ്ങിക്കഴിഞ്ഞു. എസ്. പി സി അടക്കം 500 പോലീസുകാരാണ്  വിവിധ ഭാഗങ്ങളിൽ ഡ്യൂട്ടിയിലുള്ളതെന്നും എരുമേലി എസ് എച്ച് ഒ ഇഡി ബിജു പറഞ്ഞു . എന്നാൽ കൊച്ചിയിൽ നടക്കുന്ന കാർണിവൽ പരിപാടിക്കായി എരുമേലിയിൽ നിന്നും 50 പോലീസുകാരെ പിൻവലിച്ചു.
ദേവസ്വം ബോർഡ് :
മണ്ഡലകാലത്ത്  ഒരുക്കിയ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയതായി എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ പറഞ്ഞു. രണ്ട് നേരം നൽകുന്ന അന്നധാനം, 24 മണിക്കൂർ വെർച്ച്വൽ ക്യൂ ബുക്കിംഗ്, അപ്പം – അരവണ പ്രസാദ വിതരണം, കുടിവെള്ള വിതരണം  അടക്കം സൗകര്യങ്ങൾ കൂടുതലായി ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
എരുമേലി ആശുപത്രി :
എരുമേലി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എരുമേലിയിൽ കടകളിലെ പരിശോധന തുടങ്ങിയതായി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര പറഞ്ഞു . ഇന്നലെ 33 കടകളിൽ പരിശോധന  നടത്തുകയും മൂന്ന് കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.  പരിശോധന കർശന മാക്കുമെന്നും അദ്ദേഹം പറഞ്ഞു . കോയിക്കക്കാവിലും , കാളകെട്ടിയിലും ആംബുലൻസ് സേവനം ലഭ്യമാക്കാൻ ഡി എം ഒ യ്ക്ക് നിവേദനം ഇന്ന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.