Monday, May 13, 2024
keralaNews

കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പൊലീസ്.

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വയോധികന്റെത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം.മോഷണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന്് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച കൈലിയും ഷര്‍ട്ടും കണ്ടെത്തി.

ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്.

കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍ അടങ്ങുന്നതാണ് അന്വേഷണ സംഘം.പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോര്‍ജ്ജിന്റെ മകന്‍ സുരേഷ് പറഞ്ഞു.
വലിയ ആസൂത്രണം നടത്തിയാണ് പ്രതികള്‍ കൊല നടത്തിയത്. സിസിടിവി യുടെ ഹാര്‍ഡ് ഡിക്‌സ് എടുത്തുകൊണ്ടുപോയി.

വ്യാപാരിയായ ജോര്‍ജ്ജ് കടയില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി.റോഡരികിലുള്ള കടയില്‍ നിന്ന് ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൈകാലുകള്‍ കൂട്ടിക്കെട്ടി, വായില്‍ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.

പുനലൂര്‍ – മൂവാറ്റുപുഴ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. നിലവില്‍ തെളിവുകളൊന്നുമില്ല. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.