Tuesday, May 14, 2024
keralaLocal NewsNewsUncategorized

ശബരിമല വിമാനത്താവളം എരുമേലിയില്‍ സാമൂഹികാഘാത പഠനം ആരംഭിച്ചു

എരുമേലി നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയില്‍ സാമൂഹികാഘാത പഠനം ആരംഭിച്ചു. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാര്‍ഡില്‍ റവന്യു വകുപ്പ് കൈമാറിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് വീടുകളുടെയും – നിര്‍മിതികളുടെയും വിവരങ്ങളാണ് ആദ്യ ഘട്ടത്തില്‍ ശേഖരിച്ചു തുടങ്ങുന്നത്.ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയും, ഒഴക്കനാട് വാര്‍ഡിന്റെ ഭൂരിഭാഗം ഭൂമിയും പരിധിയില്‍പ്പെടും. കൂടാതെ നാലാം വാര്‍ഡായ ചെറുവള്ളി വാര്‍ഡ് പൂര്‍ണ്ണമായും പദ്ധതി പ്രദേശത്ത് ഉള്‍പ്പെടും. എന്നാല്‍ വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രത്യക്ഷത്തില്‍ നഷ്ട പരിഹാരം സംബന്ധിച്ചുള്ള ആശങ്കളാണ് നിലനില്‍ക്കുന്നത്.

* വീട്ടിലെ അംഗങ്ങള്‍
* അംഗങ്ങളുടെ തൊഴില്‍
* സ്ഥലം
* ഭൂമിയേറ്റെടുപ്പില്‍ കുടുംബാംഗങ്ങളുടെ ആശങ്ക
* നഷ്ടപരിഹാരം.                                                                                                    തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിക്കുന്നത് .                                            കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 1,039.876 ഹെക്ടര്‍ (2,570 ഏക്കര്‍) ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയും,           കൂടാതെ സമീപത്തുള്ള 370 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കാന്‍ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. തിരുവനന്തപുരം ആസ്ഥാനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ആണ് പഠനം നടത്തുന്നത്.ഇത് കൂടാതെ ഏറ്റെടുക്കുന്ന സ്വകാര്യഭൂമിയുടെ സര്‍വേ നമ്പറുകളും സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഈ സ്വകാര്യ ഭൂമിയിലാണ് ഇപ്പോള്‍ പഠനം ആരംഭിച്ചിട്ടുള്ളത്. ജൂണ്‍ വരെയാണ് പഠനത്തിന് സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നത് 600ല്‍ പരം കുടുംബങ്ങളെ ബാധിക്കുമെന്നതിനാല്‍ ഇത്രയും കുടുംബങ്ങളെ നേരില്‍ക്കണ്ട് വിവരശേഖരണം നടത്തും. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമാണ് നടപടി തുടങ്ങിയിരിക്കുന്നത് .വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കും, വീടുകള്‍, കൃഷി അടക്കം നല്‍കുന്ന നഷ്ട പരിഹാരം സംബന്ധിച്ചാണ് കടുത്ത ആശങ്കയുള്ളത്. നഷ്ട പരിഹാരം സംബന്ധിച്ച് ഔദ്യോഗികമായി അധികാരികള്‍ അറിയിച്ചിട്ടുമില്ല. എന്നാല്‍ വലിയ നഷ്ട പരിഹാരം ലഭിക്കുമെന്ന പ്രചരണവും നടക്കുന്നുണ്ട് .സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാതെ ചെറുവള്ളി എസ്റ്റേറ്റിനുള്ളില്‍ തന്നെ നിര്‍ദ്ദിഷ്ട വിമാനത്താവളം നിലനിര്‍ത്തമെന്നാണ് ഭൂരിപക്ഷം നാട്ടുകാരുടേയും ആവശ്യം.