Saturday, May 11, 2024
keralaNews

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തിന് മുന്നറിയിപ്പ്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 10 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ന്യൂനമര്‍ദമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേതുടര്‍ന്ന് തെക്കന്‍ കേരളം -തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു.തീവ്രന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 530 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 930 കിമീ ദൂരത്തിലുമാണ്.അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും ഡിസംബര്‍ രണ്ടിന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഡിസംബര്‍ മൂന്നോടെ കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയുണ്ട്.ചുഴലിക്കാറ്റ് നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിച്ചെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ചുഴലിക്കാറ്റായിട്ടില്ല. ഏഴുജില്ലകളില്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. ക്യാംപുകള്‍ ഒരുക്കും. മുന്‍കരുതലിനായി വ്യാപകപ്രചാരണം നടക്കുന്നുണ്ട്. ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും കനത്ത ജാഗ്രതയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണിയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ബുധനാഴ്ച രാത്രി മുതല്‍ അതീവജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലിലുള്ളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം തിങ്കളാഴ്ച രാത്രി അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിനുള്ള മുന്നറിയിപ്പ്

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ നവംബര്‍ 30 അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണമെന്ന് അറിയിച്ചിരുന്നു.ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കില്ല. ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ നാലു വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ അറിയിക്കും.