Friday, May 10, 2024
keralaNews

പ്രിയങ്കയുടെ മരണം ;നടന്‍ ഉണ്ണി പി. രാജിനെതിരെ അന്വേഷണം.

തിരുവനന്തപുരം വെമ്പായത്ത് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രിയങ്കയുടെ മരണത്തിന്റെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിക്കുന്നതിന് മുന്‍പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോണ്‍വിളികളുടെ വിവരങ്ങളും പരിശോധിച്ച പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. പ്രിയങ്കയുടെ ഭര്‍ത്താവും അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനുമായ ഉണ്ണി പി. രാജിനെതിരെയാണ് അന്വേഷണം.

അങ്കമാലിയിലെ ഭര്‍തൃവീട്ടില്‍ ഒരു രാത്രി മുഴുവന്‍ പ്രിയങ്കയെ ഭര്‍ത്താവും കുടുംബവും മുറ്റത്ത് നിര്‍ത്തി. ഭര്‍ത്താവ് പ്രിയങ്കയെ ഈ സമയം അസഭ്യവര്‍ഷം നടത്തി. ഇതെക്കുറിച്ചും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.പ്രിയങ്കയുടെ ശരീരത്തില്‍ കാണുന്ന മര്‍ദനത്തിന്റെ പാടുകളാണ് പൊലീസ് പ്രധാന തെളിവായി എടുത്തിരിക്കുന്നത്. ഏപ്രില്‍ 10ന് സ്വന്തം സഹോദരനെത്തി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് തലേദിവസം രാത്രി നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വീട്ടിലെ മര്‍ദനത്തിന്റെ വിവരങ്ങള്‍ സഹോദരനെ വിളിച്ചറിയിച്ചെങ്കിലും ലോക്ഡൗണ്‍ മൂലം എത്താന്‍ കഴിയില്ലെന്നും അങ്കമാലി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാനും പറയുകയായിരുന്നു.

ഇതുപ്രകാരം പ്രിയങ്ക പൊലീസ് സ്റ്റേഷനില്‍ വിളിച്ച് തനിക്ക് ഏല്‍ക്കേണ്ടി വന്ന മര്‍ദനത്തിന്റെ വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായി നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. പൊലീസില്‍ പറഞ്ഞതിന്റെ പേരില്‍ പ്രിയങ്കയെ രാത്രി മുഴുവന്‍ ഭര്‍ത്താവ് ഉണ്ണിയും കുടുംബവും മുറ്റത്തു നിര്‍ത്തി. മുറ്റത്തുനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രിയങ്ക സഹോദരനും അമ്മയ്ക്കും അയച്ചുകൊടുത്തതോടെയാണ് പ്രിയങ്ക അനുഭവിക്കുന്ന ക്രൂരത കുടുംബത്തിന് ബോധ്യപ്പെട്ടത്.
പിറ്റേന്ന് രാവിലെ അങ്കമാലിയിലെത്തി സഹോദരന്‍ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ ചികില്‍സയ്ക്ക് വിധേയമാക്കി. പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും അങ്കമാലിയില്‍ പരാതി നല്‍കാനായിരുന്നു നിര്‍ദേശം. ക്രൂരമായ പീഡനത്തിന്റെ കഥകള്‍ പ്രിയങ്ക ഓരോന്നായി അമ്മയോട് പറഞ്ഞു. പൊലീസ് നടപടിയെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയങ്കയും കുടുംബവും. പക്ഷേ അന്ന് അമ്മയോടൊപ്പം സംസാരിച്ചിരുന്ന പ്രിയങ്ക ഒരു ഫോണ്‍ വന്നതോടെയാണ് മുറിക്കുള്ളിലേക്ക് പോയത്. പിന്നെ കണ്ടത് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്.

അവസാനം ഫോണിലേക്ക് വന്ന വിളിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം. ഇതിന് മുന്‍പും പലതവണ ഉണ്ണി, പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടില്‍വച്ചുപോലും മര്‍ദിച്ചതായി അമ്മ ഓര്‍മിക്കുന്നു. പലപ്പോഴും കുടൂതല്‍ പണവും സ്വത്തും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. പ്രിയങ്കയ്ക്ക് മര്‍ദനമേല്‍ക്കേണ്ടല്ലോ എന്നോര്‍ത്ത് ഓരോ തവണയും ഇവര്‍ കൂടുതലായി പണം എത്തിച്ചു നല്‍കി. സ്ത്രീധന നിരോധനനിയമപ്രകാരവും ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരവും ഉള്‍പ്പെടെ കേസെടുക്കാനാണ് പൊലീസ് നീക്കം. ഉണ്ണി പി. രാജിനെ കൂടാതെ അമ്മ ഉള്‍പ്പെടെയുള്ളവരേയും പ്രതിചേര്‍ക്കുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. വൈകാതെ അറസ്റ്റുണ്ടാകുമെന്നാണ് വീട്ടുകാരുടെ പ്രതീക്ഷ.