Saturday, April 27, 2024
keralaNewsUncategorized

നിരീക്ഷണക്യാമറകള്‍ ഇന്നുമുതല്‍

തിരുവനന്തപുരം : മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഇന്നു പ്രവര്‍ത്തനമാരംഭിക്കും. ഈ നീക്കത്തിലൂടെ വന്‍ തുകയുടെ പിഴ വരുമാനമാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറിയ ഗതാഗത പിഴവിന് പോലും വന്‍ തുക പിഴ ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ക്യാമറക്കെണിയില്‍ വീഴുന്ന ആളുകള്‍ക്ക് പിഴയുടെ വിവരം മൊബൈല്‍ ഫോണിലേക്ക് നിമിഷനേരങ്ങള്‍ക്കുള്ളില്‍ തന്നെ പിഴതുക ഉള്‍പ്പെടെ സന്ദേശമായി ലഭിക്കും. രാത്രി സമയങ്ങളിലും വ്യക്തമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് ക്യാമറകള്‍ സജ്ജമാക്കിയിരിക്കുന്നത്.                                                                                               ആകെ 726 ക്യാമറകളില്‍ 675 എണ്ണം ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള കാര്‍ യാത്ര, അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ എന്നിവ പിടികൂടാന്‍ വേണ്ടിയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ ദുരിതം ഇടത്തരം കുടുംബങ്ങള്‍ക്കാണ്. അതായത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാലും അത് എഐ ക്യാമറയില്‍ പതിഞ്ഞാല്‍ പിഴ നല്‍കേണ്ടി വരും. കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ഈ പ്രശ്‌നം ബാധിക്കും. ഇത് കൂടാതെ കാറില്‍ കൈക്കുഞ്ഞുങ്ങളെ പിന്‍സീറ്റില്‍ മുതിര്‍ന്നവര്‍ക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണം. ഒരു ക്യാമറയില്‍ നിയമലംഘനം കണ്ടെത്തുന്ന വാഹനത്തിനും വ്യക്തിക്കും തുടര്‍ന്നുള്ള ക്യാമറകളില്‍ ഓരോ തവണ പതിയുമ്പോഴും അതേ കുറ്റത്തിനു പിഴ വരും.
ദൃശ്യങ്ങളില്‍ വ്യക്തമാകുന്ന നിയമലംഘനത്തിന് മാത്രമേ പിഴയുണ്ടാകൂ. വാഹന രേഖകള്‍ കൃത്യമാണോ എന്നതുള്‍പ്പെടെയുള്ള മറ്റു പരിശോധനകള്‍ കണ്‍ട്രോള്‍ റൂം മുഖേന തല്‍ക്കാലമില്ലെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ലൈന്‍ ട്രാഫിക് ലംഘനങ്ങളും പരിശോധിക്കില്ല. എന്നാല്‍ വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരും കെണിയിലാകും. കാറില്‍ ഹാന്‍ഡ്‌സ് ഫ്രീ ബ്ലൂടൂത്ത് സൗകര്യമുപയോഗിച്ചു ഫോണില്‍ സംസാരിക്കുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദേശമെങ്കിലും തല്‍ക്കാലം അത് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിഴയില്ല.                                                                                                       പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതും കണ്ടെത്താന്‍ പറ്റാത്തതിനാല്‍ ഇതു ലംഘിക്കുന്നവര്‍ക്കും തല്‍ക്കാലം പിഴയില്‍ ഉള്‍പ്പെടുത്തില്ല. പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ തലസ്ഥാനത്ത് മാത്രം ഒരു ദിവസം അര ലക്ഷത്തോളം നിയമലംഘനങ്ങളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.

പിടികൂടുക 7 നിയമലംഘനങ്ങള്‍

പിഴയൊടുക്കേണ്ടതിന്റെ വിവരങ്ങള്‍ ഇത്തരത്തില്‍

അനധികൃത പാര്‍ക്കിങ്: 250 രൂപ

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍: 500 രൂപ

ടു വീലറില്‍ രണ്ടിലേറെപ്പേരുടെ യാത്ര: 1000 രൂപ

ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗം: 2000 രൂപ

അനധികൃത പാര്‍ക്കിങ്: 250 രൂപ

അമിതവേഗം: 1500 രൂപ

ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്‌നല്‍ ലംഘനം. കോടതിക്ക് കൈമാറും. പിഴ അവിടെനിന്ന്  ഇത് കൂടാതെ റോഡില്‍ ഒളിഞ്ഞു നിന്ന് ജനങ്ങളെ പിഴിയാന്‍ പോലീസും ഉണ്ടാകും.ക്യാമറക്കെണിയില്‍ വീണു പിഴ ഒടുക്കേണ്ടി വന്നാലും പിന്നാലെ പോലീസ് പിടിച്ചാല്‍ അവിടെയും പിഴകൊടുക്കേണ്ടി വരും. അതിനിടെ ഈ ട്രാഫിക്ക് നിയമലംഘനങ്ങള്‍ വിഐപികള്‍ക്ക് നിര്‍ബാധം തുടരാം. വിഐപികളെ നിയമ ലംഘനത്തിന്റെ പിഴയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ക്രമസമാധാന പാലനത്തിനായും മറ്റു അടിയന്തിര ആവശ്യത്തിനും ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ച് കൊണ്ട് പോകുന്ന വാഹനങ്ങളെ (ഉദാഹരണം : ഫയര്‍ ഫോഴ്‌സ് ; ആംബുലന്‍സ് ) ഈ പിഴയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്