Thursday, May 2, 2024
indiaNewspolitics

21 വയസ് വരെ സ്ത്രീയും പുരുഷനും ഇനി ‘ചൈല്‍ഡ്’

ന്യൂഡല്‍ഹി:കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സ്ത്രീകള്‍ക്ക് നല്‍കിയ വാക്കാണ് ഇന്നലെ ലോകസഭയില്‍  പാലിക്കപ്പെട്ടത്. വിവാഹപ്രായ ഏകീകരണ ബില്‍ ഇന്നലെ വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ചതോടു കൂടി രാജ്യം സ്ത്രീശാക്തീകരണത്തലേക്കുള്ള സുപ്രധാന ചുവടുവെയ്പ്പാണ് നടത്തിയത്. നിരവധി പ്രത്യേകതകളുള്ളതാണ് ബില്‍. രാജ്യത്ത് വിവാഹത്തിനുളള പ്രായം പുരുഷനെന്നപോലെ സ്ത്രീക്കും 21 വയസ്സ് എന്നതാണ് പ്രധാന നിയമഭേദഗതി.എന്നാല്‍ 18 വയസ് തികഞ്ഞാല്‍ വ്യക്തി മേജര്‍ അതുവരെ മൈനര്‍ എന്ന ഇന്ത്യന്‍ മെജോരിറ്റി നിയമത്തിലുള്‍പ്പെട്ട വ്യവസ്ഥയ്ക്ക് മാറ്റമില്ല. ബാലവിവാഹ നിരോധന നിയമത്തില്‍ ചൈല്‍ഡ് എന്നതിനുള്ള നിര്‍വചനമാണ് മാറുന്നത്.നിലവിലെ നിര്‍വചനമനുസരിച്ച് 21 വയസു തികയാത്ത പുരുഷനും 18 തികയാത്ത സ്ത്രീയും ചൈല്‍ഡ് ആണ്. ഇതിനു പകരമായി പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും 21 വയസുവരെ ചൈല്‍ഡ് എന്നാവും നിര്‍വചനം.

വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസാക്കി ഏകീകരിക്കുന്നതിനൊപ്പം ,ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് നിയമത്തിലും (1956) വലിയ ഭേദഗതിയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സ്വാഭാവിക രക്ഷാകര്‍തൃത്വം സംബന്ധിച്ച വ്യവസ്ഥയിലാണിത്. മൈനര്‍ പെണ്‍കുട്ടി വിവാഹിതയായാല്‍ രക്ഷാകര്‍തൃത്വ അവകാശം ഭര്‍ത്താവിന് എന്ന വ്യവസ്ഥ ഒഴിവാക്കും. ആണ്‍കുട്ടിയുടേയും അവിവാഹിതയായ പെണ്‍കുട്ടിയുടേയും രക്ഷാകര്‍തൃത്വം പിതാവിനും അതിനുശേഷം മാതാവിനും എന്ന വ്യവസ്ഥയിലെ ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും. നിയമപ്രകാരമുള്ള വിവാഹബന്ധത്തിലൂടെയല്ലാതെയുള്ള ആണ്‍കുട്ടിയുടെയും, വിവാഹ ബന്ധത്തിലൂടെയല്ലാതെയുള്ള അവിവാഹിതയായ പെണ്‍കുട്ടിയുടേയും രക്ഷാകര്‍തൃത്വം മാതാവിനും അതിനുശേഷം പിതാവിനും എന്ന വ്യവസ്ഥയിലെയും ‘അവിവാഹിത’ എന്ന വാക്ക് ഒഴിവാക്കും.

പിതാവിനുശേഷം, മാതാവിനുശേഷം എന്നിങ്ങനെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും, ജെന്‍ഡര്‍ തുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശം പരിഗണിക്കുമ്പോഴും ഇരുവര്‍ക്കും തുല്യ അവകാശമാണ് ഉള്ളതെന്ന് മുന്‍പ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹ നിയമം, പാര്‍സി-വിവാഹ,വിവാഹമോചന നിയമം, ഹിന്ദു വിവാഹ നിയമം, പ്രത്യേക വിവാഹ നിയമം, വിദേശിയെ വിവാഹം ചെയ്യുന്നതിനുള്ള നിയമം എന്നിവയില്‍ 18 വയസ്സാണ് സ്ത്രീക്ക് വിവാഹത്തിന് അനുവദനീയമായ കുറഞ്ഞ പ്രായം. മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയും പക്വതയുമായാല്‍ പുരുഷനും, പ്രായപൂര്‍ത്തിയായാല്‍ സ്ത്രീക്കും വിവാഹമാവാം. സ്ത്രീക്ക് 15 വയസ്സ് എന്നതാണ് ഇസ്ലാമിക നിയമത്തിന്റെ ആധികാരിക വ്യാഖ്യാന ഗ്രന്ഥമായ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോയില്‍ വ്യക്തമാക്കിയിട്ടുള്ളത്.പുതിയ നിയമഭേദഗതി നടപ്പിലാകുന്നതോടെ വിവാഹത്തിന് സ്ത്രീക്കും പുരുഷനും 21 വയസ് എന്നതാവും രാജ്യത്ത് എല്ലാവര്‍ക്കും ബാധകമാകുന്ന പ്രായപരിധി.