Saturday, May 18, 2024
Uncategorized

ഭൂമിദോഷമകറ്റാന്‍ പന്നിയൂരിലെ ഭൂമിദേവിസമേതനായിരിക്കുന്ന വരാഹമൂര്‍ത്തി ക്ഷേത്രം.

sunday special
[email protected]
Rajan s.

ഭൂമിദോഷമകറ്റാന്‍ നിറഞ്ഞ വ്രതശുദ്ധിയോടെ വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ വരാഹമൂര്‍ത്തി ഭൂമി ദോഷം അകറ്റും. നഷ്ടപ്പെട്ടതോ, കേസിലുള്ളതേ ആയ സ്ഥലം തിരിച്ചു കിട്ടാനും വരാഹമൂര്‍ത്തിയോട് അപേക്ഷിച്ചാല്‍ മതിയത്രെ.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പരശുരാമനാല്‍ സ്ഥാപിച്ച അപൂര്‍വ്വതകള്‍ നിറഞ്ഞ ഈ ക്ഷേത്രം നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു.പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കില്‍ തൃത്താല ബ്‌ളോക്കില്‍ ആനക്കര ഗ്രാമപഞ്ചായത്തിലെ പന്നിയൂര്‍ എന്ന ഗ്രാമത്തിലാണ് ശ്രീ വരാഹമൂര്‍ത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഭൂമിദേവിസമേതനായിരിക്കുന്ന വരാഹമൂര്‍ത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.കേരളത്തിലെ അപൂര്‍വ്വം ചില വരാഹമൂര്‍ത്തിക്ഷേത്രങ്ങളിലൊന്നാണിത്.                   

ചിത്രഗുപ്തന്റെയും യക്ഷിയുടെയും സാന്നിധ്യം ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.പ്രധാന പ്രതിഷ്ഠ ഭൂമിദേവി സമേതനായ ശ്രീ വരാഹമൂര്‍ത്തി തന്നെയാണ്. കിഴക്കോട്ട് ദര്‍ശനം.ഇതു കൂടാതെ ശിവന്‍, അയ്യപ്പന്‍, ഗണപതി, ഭഗവതി, സുബ്രഹ്മണ്യന്‍, ലക്ഷി നാരായണന്‍ തുടങ്ങിയ ഉപദേവതകളും ഇവിടെയുണ്ട്.കോഴിക്കോട് സാമൂതിരിയുടെ കീഴിലാണ് ഈ ക്ഷേത്രം. തകര്‍ന്നു പോയ ഒരു വലിയ കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളും ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തായി ഉണ്ട്.

പെരുന്തച്ചന്‍ തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ചു…..

പന്നിയൂരമ്പലം പണി മുടിയില്ല എന്ന ചൊല്ലു കേള്‍ക്കാത്തവര്‍ കുറവായിരിക്കും. തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ച് പെരുന്തച്ചന്‍ കര്‍മ്മവും ജന്മനിയോഗവും പാതിയാക്കി അലയാന്‍ പുറപ്പെട്ട കഥയിലെ പ്രധാന അധ്യായങ്ങളിലൊന്നാണീ ക്ഷേത്രത്തിന്റെ ചരിത്ര കഥ.

പെരുന്തച്ചന്‍ തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ച് അലയാന്‍ പുറപ്പെട്ടത് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള മുഴക്കോലും,ശ്രീകോവിലിന്റെ സമീപത്തെ കല്ലു പടവിനടിയിലുള്ള ഉളിയുടെ രൂപവും ചേര്‍ന്നു പറയുന്നതും ഈ കഥ തന്നെയാണ്.”പന്നിയൂരമ്പലം പണി മുടിയില്ല” എന്ന ചൊല്ലിന് പിന്നിലും വലിയൊരു കഥ തന്നെയുണ്ട്. പുത്രനെ നഷ്ടപ്പെട്ടതിനു ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന പെരുന്തച്ചന്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീകോവിലിന്റെ ചില പണികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നുവത്. മുഷിഞ്ഞ വേഷത്തിലെത്തിയ പെരുന്തച്ചനെ തിരിച്ചറിയാന്‍ അവിടുത്തെ തച്ചന്‍മാര്‍ക്കായില്ല. അതില്‍ കോപിതനായ പെരുന്തച്ചന്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ അളന്നു വച്ചിരുന്ന കഴുക്കോലില്‍ വരകള്‍ വരച്ച് അളവ് തെറ്റിച്ച് മടങ്ങിപ്പോയി. ഇതറിയാതെ കഴുക്കോലെടുത്ത് ചട്ടം കൂട്ടിയ തച്ചന്‍മാര്‍ക്ക് അളവ് പിഴച്ചു. അപരിചതരാരോ ചെയ്ത പണിയാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്ന പെരുന്തച്ചനെ അന്വേഷിച്ചിറങ്ങി. അദ്ദേഹത്തെ കണ്ടെത്തി മാപ്പു പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.പിന്നീട് അന്ന് അര്‍ധരാത്രിയില്‍ ക്ഷേത്രത്തിലെത്തിയ പെരുന്തച്ചന്‍ വളരെ ചെറിയ മിനുക്ക് പണികള്‍കൊണ്ട് ചട്ടം കൂട്ടിയത്രെ. എന്നാല്‍ ഇത്രയും കാലം ഈ ക്ഷേത്രത്തിലെ പണികള്‍ കൊണ്ട് ജീവിച്ചിരുന്ന തച്ചന്‍മാര്‍ തങ്ങളുടെ പണി അവസാനിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ തന്റെ ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്ച പെരുന്തച്ചന്‍ പന്നിയൂരമ്പലം പണി മുടിയില്ല എന്ന് പറഞ്ഞ് തങ്ങളുടെ വംശത്തില്‍പ്പെട്ട ഒരാള്‍ക്ക് അവിടെ പണിയുണ്ടാകുമെന്നും അവരെ അനുഗ്രഹിച്ചു. പിന്നീട് പെരുന്തച്ചനെക്കുറിച്ച് ആരും കേട്ടിട്ടല്ലത്രെ.പട്ടാമ്പിയില്‍ നിന്ന്തൃത്താല,വെള്ളിയാങ്കല്ല്റെഗുലേറ്റര്‍ വഴി കുറ്റിപ്പുറത്തേക്ക്(എം.ഇ.എസ്. എന്‍ജിനിയറിംഗ് കോളേജിനു മുന്‍പിലൂടെ) പോകുന്ന റോഡില്‍ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയില്‍ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകത്തേക്ക് മാറി പന്നിയൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  പട്ടാമ്പിയില്‍ നിന്നും ഇവിടേക്ക് ഏകദേശം പതിനേഴു കിലോമീറ്ററോളം ദൂരം ഉണ്ട്. ക്ഷേത്രത്തിലെ പ്രധാന തിരുമേനിമാരായി കൃഷ്ണന്‍ നമ്പൂതിരി,നന്ദകുമാര്‍ നമ്പൂതിരി എന്നിവരും പൂജകള്‍ ചെയ്യുന്നു. ക്ഷേത്രത്തിലെ സവിശേഷത കൊണ്ട് നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ക്ഷേത്രത്തിലെ മറ്റ് വിശേഷം അറിയാന്‍ ഫോണ്‍ 04662253700 നമ്പറില്‍ ബന്ധപ്പെടുക.