Wednesday, May 22, 2024
keralaNews

പാലാരിവട്ടം പാലം നാളെ തുറക്കും

പുനര്‍നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം നാളെ തുറക്കും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗികമായ ചടങ്ങുകള്‍ ഉണ്ടാകില്ലെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദേശീയ പാത ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാര്‍ നാളെ വൈകിട്ട് നാലിന് പാലം ഗതാഗതത്തിനു തുറന്നു നല്‍കും. വകുപ്പു മന്ത്രിയും ഉദ്യോഗസ്ഥരും അന്ന് പാലം സന്ദര്‍ശിക്കും.പാലാരിവട്ടം പാലം ഡിഎംആര്‍സി, മരാമത്തു വകുപ്പിനു കൈമാറിയതിനെ തുടര്‍ന്ന് ഇന്നലെ മൂന്നംഗ വിദഗ്ധ സമിതി പാലത്തില്‍ പരിശോധന നടത്തി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ പാലം തുറന്നു നല്‍കാന്‍ തീരുമാനിച്ചത്. മരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പാലത്തില്‍ പരിശോധന നടത്തിയത്. ബ്രിജസ് വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.ആര്‍.മഞ്ജുഷ, ദേശീയ പാത വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്.ദീപു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.പാലം ഇന്നു മുതല്‍ ഗതാഗതത്തിന് ഉപയോഗിക്കാമെന്നു കാണിച്ചു ഭാര പരിശോധന റിപ്പോര്‍ട്ട് സഹിതം ഡിഎംആര്‍സി വ്യാഴാഴ്ച വൈകിട്ടു തന്നെ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷനും (ആര്‍ബിഡിസികെ) മരാമത്ത് വകുപ്പിനും കത്തു നല്‍കിയിരുന്നു. പാലത്തിലെ അവസാന വട്ട പണികള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. പെയിന്റിങ് പണികളാണു പ്രധാനമായും ബാക്കിയുണ്ടായിരുന്നത്.