Saturday, May 11, 2024
educationkeralaNews

തിരൂര്‍ മലയാള സര്‍വകലാശാലയില്‍ ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യാശ്രമം

മലയാള സര്‍വകലാശാലയിലെ അധ്യാപക നിയമനം അട്ടിമറിക്കുന്നതായി ആരോപിച്ച് ഗവേഷണ പ്രബന്ധവും രേഖകളും കത്തിച്ച ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ടതിനാല്‍ ദുരന്തം ഒഴിവായി. കോട്ടയം മറ്റക്കര കുഴിക്കാട് ഡോ. കെ.എം.അജിയാണ് സര്‍വകലാശാലയ്ക്കുള്ളില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നലെ മലയാള സാഹിത്യ വിഭാഗം അസി. പ്രഫസര്‍ തസ്തികയിലേക്ക് അഭിമുഖം നടന്നിരുന്നു. ഇതിന്റെ ഷോര്‍ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യോഗ്യതയുണ്ടായിട്ടും ഇതില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയോടെ സര്‍വകലാശാലയ്ക്കുള്ളിലേക്ക് ഓടിക്കയറിയ ഡോ.അജി കയ്യിലുണ്ടായിരുന്ന തന്റെ പ്രബന്ധവും എട്ടോളം പ്രസിദ്ധീകരണങ്ങളും കത്തിച്ചു. തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ബലമായി പുറത്തേക്കു കൊണ്ടുപോയി.കഴിവുള്ള ഉദ്യോഗാര്‍ഥികളെ ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ യൂണിവേഴ്‌സിറ്റി നിയമനം അട്ടിമറിച്ചതായി ഡോ. അജി ആരോപിച്ചു. എറണാകുളം മഹാരാജാസ്, തിരൂര്‍ തുഞ്ചന്‍ കോളജ്, കൊടുങ്ങല്ലൂര്‍ ഗവ. കോളജ്, ചാലക്കുടി ഗവ. കോളജ് തുടങ്ങി 8 കോളജുകളില്‍ മലയാള സാഹിത്യം പഠിപ്പിച്ചിട്ടുണ്ട്. മുന്‍പ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇതേ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തില്‍ എട്ടാം റാങ്കും ലഭിച്ചിട്ടുണ്ട്. യോഗ്യത കുറഞ്ഞവരെയാണു ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്ന് ഡോ.അജി ആരോപിച്ചു. പ്രതിഷേധമുയര്‍ത്തിയ ഉദ്യോഗാര്‍ഥി അവസാന തീയതിയും കഴിഞ്ഞ് അപേക്ഷ നല്‍കിയ ആളാണെന്ന് വിസി ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു.