Monday, May 20, 2024
keralaLocal NewsNews

എരുമേലി വലിയ തോട് ശുചീകരണം വിവാദമാകുന്നു ;ശുചീകരണം പൂർത്തീകരിക്കാതെ കരാറുകാരന്  ഫണ്ട് നൽകി.

  •  കളക്ടറുടെ ഉത്തരവിന് പുല്ല് വില 
  •  വീണ്ടും തോട് ശുചീകരിക്കാൻ  4  ലക്ഷം.

  •  പരാതി പിൻവലിപ്പിക്കാനും സമ്മർദ്ദം. 

എരുമേലി വലിയ തോട് ശുചീകരണവുമായി ബന്ധപ്പെട്ട് തോട്ടിൽ വാരിക്കൂടിയ
മാലിന്യങ്ങൾ അടിയന്തിരമായി എടുത്ത് നീക്കണമെന്ന ജില്ല കളക്ടറുടെ ഉത്തരവ് അട്ടിമറിച്ച് എരുമേലി ഗ്രാമ പഞ്ചായത്ത് .2019 – 20  ൽ വലിയ തോട് ശുചീകരണത്തിന്റെ പേരിൽ   നടത്തിയ ലക്ഷങ്ങളുടെ  അഴിമതി  ടൗണിലെ ഓട്ടോ ഡ്രൈവർ കുറുമ്പേറ്റിൽ പ്രദീപ് കുമാറാണ് പുറത്തു കൊണ്ടുവന്നത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വലിയ തോട് ശുചീകരണത്തിനായി 3.50 ലക്ഷം രൂപയാണ്  പഞ്ചായത്ത് കരാർ  നൽകിയത്.തോട്ടിലെ മാലിന്യം 50 മീറ്റർ ദൂരത്തിൽ മാറ്റികളയാനും ജലമൊഴുക്കിന് തടസ്സം ഉണ്ടാകാതെ
ശുചീകരിക്കാനായിരുന്നു കരാർ.എന്നാൽ കരിങ്കല്ലുംമൂഴി മുതൽ വലിയ അമ്പലം വരെയുള്ള ഭാഗം ഇത്തരത്തിൽ ശുചീകരിക്കുകയും വലിയ അമ്പലം മുതൽ കൊരട്ടി വരെയുള്ള  ഭാഗത്തെ മാലിന്യം വാരി തോട്ടിൽ തന്നെ നിക്ഷേപിക്കുകയായിരുന്നുവെന്ന പരാതിയിലാണ് കളക്ടർ 
ഇടപെട്ടത് .  പരാതിയെ തുടർന്ന് കരാറുകാരന്റെ ബിൽ 
തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു .
ഇതേത്തുടർന്ന്  കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 
  ഓൺലൈൻ വഴി കളക്ടർ നടത്തിയ പരാതി അദാലത്തിൽ കരാറുകാരനെ
കൊണ്ട് തന്നെ  മാലിന്യം എടുത്തു മാറ്റി റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം . കരാറുകാരൻ ബിൽ മാറിയിട്ടില്ലെന്നും സ്ഥലത്തെത്തി പണികൾ ചെയ്യാമെന്നും പഞ്ചായത്ത്  അറിയിച്ചതായും  പ്രദീപ്  കുമാർ പറഞ്ഞു . എന്നാൽ കളക്ടറുടെ ഉത്തരവ് അട്ടിമറിച്ച് കരാറുകാരന് തുക പാർട്ട് ബില്ലായി 2.20000 രൂപ (രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ) മാറ്റിക്കൊടുത്തുവെന്നും , പൂർത്തീകരിക്കാത്ത അഴിമതി പദ്ധതി വീണ്ടും പൂർത്തീകരിക്കാൻ നാല് ലക്ഷം രൂപയുടെ അടുത്ത ഒരു പദ്ധതി കൂടി പഞ്ചായത്ത് ഉണ്ടാക്കുകയാണെന്നും പരാതിക്കാരനായ പ്രദീപ് കുമാർ  “ജന്മഭൂമി “യോട് പറഞ്ഞു . എന്നാൽ  ശബരിമല തീർത്ഥാടനത്തിന്റെ പേരിൽ ലഭിക്കുന്ന  ലക്ഷങ്ങൾ ഇത്തരത്തിൽ അഴിമതികാട്ടി തട്ടിയെടുക്കുന്നതിരെ വ്യാപകമായ പരാതികളാണ് ഉയർന്നിരിക്കുന്നത് .
കഴിഞ്ഞ കാലങ്ങളിൽ 1.60 രൂപക്ക് ചെയ്ത് വന്ന വലിയ തോട് ശുചീകരണമാണ് ഇപ്പോൾ നാല് ലക്ഷത്തിൽ വന്ന് നിൽക്കുന്നത്.വലിയതോട് ശുചികരണത്തിനെതിരെ
പരാതി ഉയർന്ന സാഹചര്യത്തിൽ അതുവരെ ചെയ്ത പണിയുടെ ബിൽ
കരാറ് കാരന് നൽകിയെന്നും  തോട് ശുചീകരണത്തിന് പുതിയ എസ്റ്റിമേറ്റ് എടുക്കുമെന്നും  പഞ്ചായത്ത്  സെക്രട്ടറി എം എൻ വിജയൻ പറഞ്ഞു .  പഴയ പദ്ധതിയായ തോട് ശുചീകരണം അവസാനിപ്പിച്ചതായും,നിലവിൽ കിടക്കുന്ന മാലിന്യം തോട്ടിൽ നിരത്തി തോടിന്റെ വീതിക്ക് നിരത്താൻ
 തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.